വെടിക്കെട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ല; വെടിക്കെട്ടും വെടി വഴിപാടും ഒന്നല്ലെന്ന് ഹൈക്കോടതി
കൊച്ചി: വെടിക്കെട്ട് ക്ഷേത്ര ആചാരത്തിന്റെ ഭാഗമല്ലെന്നും വെടിക്കെട്ടും വെടി വഴിപാടും ഒന്നല്ലെന്നും ഹൈക്കോടതി. പഴയ രീതിയിലുള്ള വെടിക്കെട്ടല്ല ഇപ്പോള്‍ നടക്കുന്നതെന്നും കോടതി പറഞ്ഞു. എറണാകുളം ശിവക്ഷ്രേതത്തില്‍ വെടിക്കെട്ട് വിലക്കിയതിന് എതിരായ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വെടിക്കെട്ട് വെടിവഴിപാടില്‍ നിന്നു വ്യത്യസ്തമാണ്. വെടിക്കുറ്റിയില്‍ മരുന്ന് നിറച്ച് പൊട്ടിക്കുന്നതാണ് വെടിവഴിപാട്. ഇത് താരതമ്യേന അപകടരഹിതമാണ്. വെടിക്കെട്ട് പോലെ ഉയര്‍ന്നുപൊങ്ങി പൊട്ടുന്നതല്ല ഇവ. നൂറു മീറ്റര്‍ അകലെ വെടിക്കെട്ട് നടത്തിയിട്ടും ഉദയംപേരൂര്‍ നടക്കാവില്‍ അപകടമുണ്ടായില്ലേയെന്നും കോടതി ചോദിച്ചു.
വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കോടതി ജില്ലാ കളക്ടറുടെ നിലപാട് ആരാഞ്ഞിരുന്നു. അദ്ദേഹം അനുമതി നിഷേധിക്കുന്നതായി അറിയിച്ചു. ഇത് ചോദ്യം ചെയ്താണ് ശിവക്ഷേത്ര ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചത്. ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചത് സുരക്ഷാ പ്രശ്നങ്ങള്‍ മുന്നില്‍ക്കണ്ടാമെന്ന് കോടതി സൂചിപ്പിച്ചു. തൊട്ടടുത്ത് ഒരു പെട്രോള്‍ പമ്പുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, പെട്രോള്‍ പമ്ബ് കാലങ്ങളായി അവിടെയുള്ളതാണെന്നും, മുമ്ബ് തങ്ങള്‍ക്ക് വെടിക്കെട്ടിന് അനുമതി കിട്ടിയിരുന്നതാണെന്നും, ഇപ്പോള്‍ ഈ കാരണത്താല്‍ അനുമതി നിഷേധിക്കുന്നത് എന്തുകൊണ്ടെന്നും ഭരണസമിതി ചോദിച്ചു.