കര്‍ഷക പ്രക്ഷോഭം; ഡല്‍ഹി അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിപ്പിച്ചു
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യപ്പെട്ട് കര്‍ഷക പ്രക്ഷോഭം കനക്കുന്നതിനിടെ ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ഡല്‍ഹി- ഹരിയാന-ബദര്‍പൂര്‍ അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു. കര്‍ഷക സംഘടനകളുടെ ബന്ദിനെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് മറ്റന്നാളാണ്.
മൂന്ന് കേന്ദ്ര മന്ത്രിമാരും 32 കാര്‍ഷിക സംഘടന പ്രതിനിധികളും പങ്കെടുക്കുന്ന അഞ്ചാം ഘട്ട യോഗം 9ാം തിയതിയാണ്. കഴിഞ്ഞ യോഗത്തില്‍ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കാനാകൂ എന്ന് മന്ത്രിമാര്‍ അറിയിച്ചിരുന്നു.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ കര്‍ഷക സംഘടനകള്‍ സമ്മര്‍ദം കൂടുതല്‍ ശക്തമാക്കും. ഉച്ചയ്ക്ക് യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ തീരുമാനിക്കുന്നതാണ്. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവിലാണ് കിസാന്‍ മുക്തി മോര്‍ച്ച നേതാക്കള്‍ യോഗം ചേരുന്നത്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിട്ടുണ്ട്.