കണ്ണൂരില്‍ ഉരുള്‍പൊട്ടലും ചുഴലിക്കാറ്റും; അഞ്ഞൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍
കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലും ചുഴലിക്കാറ്റും. വളപട്ടണം പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ പുഴയോരത്തെ 15 വീടുകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. കഴിഞ്ഞ പ്രളയത്തില്‍ മുങ്ങാത്ത വീടുകളില്‍ പോലും ഇത്തവണ വെള്ളം കയറിയിരിക്കുകയാണ്. കൊട്ടിയൂരില്‍ കണിച്ചാറില്‍ ചുഴലിക്കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു.
കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായ കൊട്ടിയൂര്‍ നെല്ലിയോടിയില്‍ ഇത്തവണയും ഉരുള്‍പൊട്ടി. ആളപായമുണ്ടായില്ലെങ്കിലും മൂന്നേക്കറോളം കൃഷി ഭൂമി നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വനമേഖലയില്‍ ഉല്‍ഭവിച്ച് മലയോര മേഖലയിലൂടെ കടന്ന് പോകുന്ന പുഴകളില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വളരെ വേഗം ജലനിരപ്പുയരുന്നത് ആശങ്ക ഉയര്‍ത്തുകയാണ്.
ഇരിട്ടി പുഴയില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയില്ലെന്നും പരാതി ഉയരുന്നുണ്ട്. ബ്രഹ്മഗിരി മലനിരകളിലുണ്ടായ ഉരുള്‍പൊട്ടല്‍ മൂലമാണ് ഇരിട്ടി പുഴയില്‍ വെളളം ഉയര്‍ന്നിരിക്കുന്നത്. ഇരിക്കൂറില്‍ ഒരു പ്രദേശത്തെ 15 ഓളം വീടുകള്‍ മുങ്ങിയ അവസ്ഥയിലാണ്. ഇരിട്ടിയില്‍ 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ കൂടുതല്‍ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വരുമെന്നാണ് സൂചന.