കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എന്‍ഫോഴ്‌സ്‌മെന്റ് നടപടികളെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.
മൂന്ന് തവണ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറിയ ശേഷം ഇന്ന് രാവിലെ രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റിന് മുന്‍പാകെ ഹാജരായിരുന്നു. ഈ സാഹചര്യത്തില്‍ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നിരന്തരം പീഡിപ്പിക്കുന്നുവെന്നായിരുന്നു ഹര്‍ജിയില്‍ രവീന്ദ്രന്റെ പ്രധാന ആരോപണം. എന്നാല്‍ നോട്ടീസ് നല്‍കുന്നത് എങ്ങിനെ പീഡനമാകുമെന്ന് കോടതി ചോദിച്ചു. രവീന്ദ്രന്‍ എന്തിനാണ് ചോദ്യം ചെയ്യലിനെ ഭയക്കുന്നതെന്നും കോടതി ഹര്‍ജി പരിഗണിക്കെ ആരാഞ്ഞു. രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നുവെന്നും പ്രാഥമിക അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ കോടതി ഇടപെടരുതെന്നും എന്‍ഫോഴ്‌സ്‌മെന്റും കോടതിയെ അറിയിച്ചു.
തനിക്കെതിരായ ഇഡി നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. താന്‍ രോഗബാധിതനാണെന്നും ഒരുപാട് സമയം ചോദ്യം ചെയ്യലിന് വിധേയനാകാന്‍ സാധിക്കില്ലെന്നും രവീന്ദ്രന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തന്നെ ഏത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമല്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും താന്‍ പ്രതിയല്ലെന്നും രവീന്ദ്രന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.