EntertainmentNews

മേക്കപ്പ് ഇട്ട് വന്നിരിക്കുന്നു,മമിതയെ അടിച്ചോ? അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത്: ബാല

ചെന്നൈ:തമിഴ് സിനിമാ രം​ഗത്ത് വലിയ സ്ഥാനമുള്ള സംവിധായകനാണ് ബാല. പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ അതേ പോലെ ബാലയുടെ സിനിമകളിൽ കാണാനാകുന്നു. നാൻ കടവുൾ ഉൾപ്പെടെയുള്ള സിനിമകൾ പ്രേക്ഷകരെ ആഴത്തിൽ സ്പർശിച്ചു. ബാലയുടെ സിനിമകളിൽ അഭിനയിക്കാൻ വലിയ അഭിനേതാക്കളുൾപ്പെടെ ആ​ഗ്രഹിക്കുന്നുണ്ടെങ്കിലും ഒപ്പം പ്രവർത്തിക്കുക എളുപ്പമല്ലെന്നാണ് സിനിമാ ലോകത്തെ സംസാരം. മുൻകോപക്കാരനാണ് ബാല.

താനുദ്ദേശിച്ച പെർഫോമൻസ് ഷോട്ടിൽ കിട്ടിയില്ലെങ്കിൽ ബാല ദേഷ്യപ്പെടും. തമിഴകത്ത് ബാലയ്ക്കുള്ള ഈ പ്രതിച്ഛായ പ്രേക്ഷകർക്കും അറിയാവുന്നതാണ്. മുമ്പൊരിക്കൽ നടി മമിത ബൈജു ബാലയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. സൂര്യയെ നായകനാക്കി ബാല ചെയ്യാനിരുന്ന വണങ്കാൻ എന്ന സിനിമയിൽ മമിതയായിരുന്നു നായിക. ഷൂട്ട് തുടങ്ങിയതുമാണ്. എന്നാൽ പിന്നീട് ഈ സിനിമ നടന്നില്ല. പിന്നീട് മറ്റ് അഭിനേതാക്കളെ വെച്ച് ബാല ഈ സിനിമ ഷൂട്ട് ചെയ്തു.

വണങ്കാനിൽ അഭിനയിക്കുമ്പോൾ ബാല ദേഷ്യപ്പെട്ടതിനെക്കുറിച്ചായിരുന്നു മമിത ഒരു അഭിമുഖത്തിൽ പറഞ്ഞത്. ബാല സർ ഷൂട്ടിം​ഗിനിടെ അടിച്ചിരുന്നെന്നാണ് മമിത പറഞ്ഞിരുന്നു. എന്നാൽ ഇതൊരു വിമർശനമോ ആരോപണമോ ആയിരുന്നില്ല. പക്ഷെ മമിതയുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് ബാല. മമിതയെ താൻ അടിച്ചിട്ടില്ലെന്ന് സംവിധായകൻ പറയുന്നു. ​ഗലാട്ട തമിഴിനോടാണ് പ്രതികരണം.

എന്റെ മകളെ പോലെയാണ് ആ പെൺ‌കുട്ടി എനിക്ക്. അവളെ ഞാൻ അടിക്കുമോ. പെൺകുട്ടികളെ ആരെങ്കിലും അടിക്കുമോ. ‌ചെറിയ കുട്ടിയാണവൾ. ബോംബെയിൽ നിന്ന് വന്ന മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു. വെറുതെ ഇരിക്കുകയാണെന്ന് പറഞ്ഞ് മമിതയ്ക്ക് മേക്കപ്പ് ചെയ്തു. എനിക്ക് മേക്കപ്പ് ഇഷ്ടമല്ലെന്ന് അവർക്കറിയില്ല. ഇവൾക്ക് അവരോട് പറയാനും അറിയില്ല. ഷോട്ടിന് റെഡിയായി വിളിച്ചപ്പോൾ മേക്കപ്പ് ഇട്ടാണ് വന്നത്.

ആരാണ് മേക്കപ്പ് ചെയ്തതെന്ന് ചോദിച്ച് അടിക്കുന്നത് പോലെ കയ്യോങ്ങി. വന്ന വാർത്ത അടിച്ചെന്നാണ്. യഥാർത്ഥത്തിൽ അവിടെ നടന്നത് ഇതാണെന്നും ബാല വ്യക്തമാക്കി. വണങ്കാനിൽ നിന്നും സൂര്യ പിന്മാറിയതിന് പിന്നാലെയാണ് മമിതയും പിന്മാറിയത്. 40 ദിവസത്തോളം നടി സിനിമയിൽ അഭിനയിച്ചതാണ്. വീണ്ടും ചിത്രം റീ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചപ്പോഴേക്കും മമിതയ്ക്ക് മറ്റ് സിനിമകളുടെ തിരക്ക് വന്നു. ഇതോടെ നടി പിന്മാറുകയായിരുന്നു.

സൂര്യ പിന്മാറിയതിനെക്കുറിച്ച് അഭിമുഖത്തിൽ ബാല സംസാരിക്കുന്നുണ്ട്. വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമല്ല സൂര്യ പിന്മാറിയത്. കഥയിൽ ചില മാറ്റങ്ങൾ വന്നതാണ് കാരണമെന്ന് സംവിധായകൻ വ്യക്തമാക്കി. തന്റെ കരിയറിനെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചും ബാല സംസാരിക്കുന്നുണ്ട്. എല്ലാ അഭിനേതാക്കളിലും കഴിവുണ്ട്. സംവിധായകരാണ് അത് പുറത്തെടുക്കേണ്ടതെന്ന് ബാല വ്യക്തമാക്കി.

അരുൺ വിജയ് ആണ് വണങ്കാനിൽ സൂര്യക്ക് പകരം നായകനായത്. ജനുവരി 10 ന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ കൂടിയാണ് ബാല. മറുവശത്ത് മമിതയ്ക്ക് തമിഴകത്ത് തിരക്കേറുകയാണ്. വിജയ്ക്കൊപ്പമാണ് നടിയുടെ അടുത്ത സിനിമ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker