കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു
തിരുവല്ല: കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ഉച്ചയ്ക്ക് 12.30ന് തിരുവല്ല മല്ലപ്പള്ളി ടൗണിലാണ് എഴുമറ്റൂര്‍ സ്വദേശി അരുണിനെയും കുടുംബത്തേയും എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. കൈക്കുഞ്ഞുമായി കാറില്‍ അരുണും ഭാര്യയും തെങ്ങണയിലെ ആശുപത്രിയിലേക്കു പോകുകയായിരുന്നു. വഴിതടഞ്ഞതോടെ ഇവര്‍ക്ക് പതിനഞ്ച് മിനിറ്റോളം വഴിയില്‍ കിടക്കേണ്ടിവന്നു. പോലീസ് എത്തിയാണ് എസ്ഡിപിഐ പ്രവര്‍ത്തകരെ മാറ്റി കാര്‍ കടത്തിവിട്ടത്.
രാവിലെ വിവിധയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടയുകയും ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. തിരുവനന്തപുരം- മൂന്നാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന മിന്നല്‍ ബസിനു നേരെ കല്ലേറുണ്ടായി. മട്ടന്നൂര്‍ നരയമ്പാറയിലും ആലപ്പുഴയിലും ഹര്‍ത്താല്‍ അനുകൂലികള്‍ ബസ് തടഞ്ഞു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തിയ ശേഷം താക്കോല്‍ ഊരിക്കൊണ്ടു പോയി. തൊടുപുഴയ്ക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ താക്കോലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ഊരിക്കൊണ്ട് പോയത്. ഹൈക്കോടതി നിര്‍ദേശത്തിനു വിരുദ്ധമായാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്നും അത് പിന്‍വലിക്കണമെന്നും നേരത്തെ, സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു.