ഹരീഷ് സാല്‍വെ വിവാഹിതനായി,65 കാരന് വധു 56 കാരി,വിവാഹം ക്രിസ്ത്യന്‍ ആചാരപ്രകാരം
ലണ്ടന്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെ ബുധനാഴ്ച വിവാഹിതനായി. ലണ്ടനില്‍ താമസമാക്കിയിട്ടുള്ള കരോലിന്‍ ബ്രോസാര്‍ഡ് എന്ന കലാകാരി ആണ് വധു. ലണ്ടനിലെ ഒരു പള്ളിയങ്കണത്തില്‍ വെച്ച് നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും, കുടുംബാംഗങ്ങളുമായി 15 അതിഥികള്‍ മാത്രമാണ് പങ്കെടുത്തത്.
65 വയസുള്ള വരന്‍ ത്രീ പീസ് സ്യൂട്ടിലും 56 കാരിയായ വധു പ്രൗഢ മനോഹരമായ തൂവെള്ള ഗൗണിലും ആയിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ഹരീഷ് സാല്‍വെ ജ്ഞാനസ്‌നാനം സ്വീകരിച്ചു ക്രിസ്തുമത അനുയായി ആയത്.
38 വര്‍ഷം ഭാര്യയായിരുന്ന മീനാക്ഷിയുമായുള്ള വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ച സാല്‍വേക്ക് ആ ബന്ധത്തില്‍ സാക്ഷി, സാനിയ എന്നിങ്ങനെ രണ്ടു പെണ്മക്കളാണ് ഉള്ളത്.
ലണ്ടനിലെ ഒരു സാംസ്‌കാരിക പരിപാടിക്കിടയിലാണ് കരോലിനെ ഹരീഷ് സാല്‍വെ കണ്ടുമുട്ടുന്നത്. കലാ സാംസ്‌കാരിക-സംഗീത രംഗത്തു പുലര്‍ത്തുന്ന സമാനമായ അഭിരുചിയാണ് ഇരുവരെയും അടുപ്പിച്ചത്. 18 വയസ്സുള്ള ഒരു മകളാണ് ആദ്യ വിവാഹത്തില്‍ കരോലിന് ഉള്ളത്.
1955ല്‍ മഹാരാഷ്ട്രയില്‍ ജനിച്ച ഹരീഷ് സാല്‍വെ സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന മുതിര്‍ന്ന അഭിഭാഷകനാണ്. സാല്‍വെ 1999 നവംബര്‍ 1 മുതല്‍ 2002 നവംബര്‍ 3 വരെ ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനുവരിയില്‍ സാല്‍വെയെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കോടതികളില്‍ രാജ്ഞിയുടെ ഉപദേഷ്ടാവായി നിയമിക്കുകയായിരുന്നു