മുംബൈ: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്‍ സീസണില്‍ കളിക്കുന്നത് പരിക്ക് മറച്ചുവെച്ചാണെന്ന് ആരോപണം. താരത്തിന് പരിക്കുണ്ടെന്നും എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് ന്യൂസിലാന്‍ഡ് മുന്‍ താരവും കമന്റേറ്ററുമായ സൈമണ്‍ ഡൂള്‍ പറയുന്നത്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും മുംബയ്ക്കായി ആദ്യ ഓവര്‍ തന്നെ പന്ത് കയ്യിലെടുത്ത നായകന്‍ പിന്നീടുള്ള മത്സരങ്ങളില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഡൂള്‍ ആരോപണം ഉന്നയിക്കുന്നത്.
ആദ്യ രണ്ട് മത്സരങ്ങളില്‍ പന്തെറിഞ്ഞ താരത്തിന് പെട്ടെന്ന് എന്താണ് സംഭവിച്ചത്. കഴിഞ്ഞ ദിവസം ആര്‍സിബിക്ക് എതിരായ മത്സരത്തിലും വെറും ഒരോവര്‍ മാത്രമാണ് ഹാര്‍ദിക് എറിഞ്ഞത്. ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് താരത്തിന് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ്- സൈമണ്‍ ഡൂള്‍ ക്രിക്ബസില്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞു. ഒരുപക്ഷേ ഇത് തന്റെ തോന്നല്‍ മാത്രമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ബൗള്‍ ചെയ്യാതിരുന്നതിനെ കുറിച്ച് ഒരു മത്സരത്തിന് ശേഷം ചോദിച്ചപ്പോള്‍ ആവശ്യമുള്ള സമയത്ത് താന്‍ പന്തെടുക്കുമെന്നാണ് താരം പറഞ്ഞത്. അതേസമയം ഹാര്‍ദിക് പാണ്ഡ്യ പരിക്ക് മറച്ചുവെച്ച് കളിക്കുന്നുവെന്ന സൈമണ്‍ ഡൂളിന്റെ ആരോപണം ശരിയാണെങ്കില്‍ അത് ട്വന്റി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയായേക്കും. 2023ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലും താരം പരിക്കേറ്റ് പുറത്തായിരുന്നു.