തൃശൂരില്‍ ട്രെയിനിന് മുകളിലേക്ക് മരം വീണു; ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു
തൃശൂര്‍: ശക്തമായ കാറ്റിനെയും മഴയേയും തുടര്‍ന്ന് തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരം വീണു. ഗുരുവായൂര്‍ എക്സ്പ്രസ്സിനു മുകളിലാണ് മരം വീണത്. ഇരിഞ്ഞാലക്കുടയ്ക്കും ചാലക്കുടിയ്ക്കും ഇടയിലായിരുന്നു അപകടം നടന്നത്. ഇതോടെ ജനശതാബ്ദി ഉള്‍പ്പടെയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തി വെച്ചു. കേരളത്തില്‍ പല സ്ഥലങ്ങലിലും ഇപ്പോള്‍ കനത്ത മഴ തുടരുകയാണ്.
മൂന്നാറില്‍ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത് 194.8 മില്ലീമീറ്റര്‍ മഴയാണ്. കാട്ടില്‍ പലയിടത്തും ഉരുള്‍പ്പൊട്ടലുണ്ടായിട്ടുണ്ട്. ഇത് സ്ഥിതി ഏറെ ഗുരുതരമാക്കിയിരിക്കുകയാണ്. മൂന്നാര്‍ മുന്‍ വര്‍ഷത്തേതിനെക്കാള്‍ കടുത്ത സ്ഥിതിയെയാണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മീനച്ചില്‍, മൂവാറ്റുപുഴ, പമ്പ എന്നീ നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി മ്ലാമല ശാന്തിപാലത്തില്‍ വെള്ളം കയറിയതായും റിപ്പോര്‍ട്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടല്‍ ശക്തമാണ്. ചെറുതോണി നേര്യമംഗലം റൂട്ടില്‍ കീരിത്തോട്ടില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. കണ്ണൂര്‍ കൊട്ടിയൂര്‍ ചപ്പമലയിലും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. കോട്ടയത്ത് മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുകയാണ്.