KeralaNews

കൈ ഞരമ്പ് മുറിച്ച നിലയില്‍, ബ്ലെയ്ഡ് വിഴുങ്ങി; ഗണ്‍മാന്‍ ജയഘോഷിന്റേത് ആത്മഹത്യാ ശ്രമമെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ കൈ ഞരമ്പു മുറിച്ച നിലയില്‍ കണ്ടെത്തിയ യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷ് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ബ്ലെയ്ഡ് കൊണ്ട് കൈ ഞരമ്പു മുറിച്ച ശേഷം ബ്ലെയ്ഡ് വിഴുങ്ങിയതായി ജയഘോഷ് പറഞ്ഞെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ ജയഘോഷ് വിളിച്ചു പറഞ്ഞു. രാജ്യദ്രോഹം കുറ്റം ചെയ്തിട്ടില്ല, സ്വര്‍ണക്കടത്തിനു കൂട്ടുനിന്നിട്ടില്ല എന്നായിരുന്നു ജയഘോഷിന്റെ വാക്കുകള്‍. വീട്ടുകാരും നാട്ടുകാരും ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് ജയഘോഷിനെ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരും പോലീസുകാരും ചേര്‍ന്ന് വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് മാറ്റി.

ജയഘോഷിനെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കള്‍ തുമ്പ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ കണ്ടെത്തുന്നതിനുളള അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപത്തുളള പറമ്പില്‍ റോഡിനോട് ചേര്‍ന്ന് കണ്ടെത്തിയത്. റോഡിലൂടെ നടന്നുവന്ന രണ്ടുപേരാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

സ്വപ്ന സുരേഷിന്റെ ഫോണ്‍ കോള്‍ ലിസ്റ്റില്‍ ജയഘോഷിന്റെ നമ്പറുമുണ്ട്. ജൂലൈ 3,4,5 തീയതികളില്‍ ജയഘോഷിനെ സ്വപ്ന പലതവണ വിളിച്ചിരുന്നു. ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button