ലഖ്‌നൗ: സ്വന്തം വിവാഹത്തിന് കാർമികനായി മന്ത്രങ്ങള്‍ ചൊല്ലി ചടങ്ങ് നടത്തുന്ന വരന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ സഹരൻപൂരിലെ റാംപൂർ മണിഹരനിൽ നിന്നുള്ള വരനാണ് വിവാഹത്തിന് വേദമന്ത്രങ്ങൾ സ്വയം ഉരുവിട്ടും മറ്റ് ചടങ്ങുകൾ നടത്തിയും വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരെ അമ്പരപ്പിച്ചത്. ഹരിദ്വാറിലായിരുന്നു വിവാഹം.
സാധാരണയായി പുരോഹിതന്മാർ ചെയ്യുന്ന കാര്യമാണ് യുവാവ് സ്വയം ഏറ്റെടുത്ത് ചെയ്തിരിക്കുന്നത്. വിവേക് കുമാർ എന്നാണ് വരന്റെ പേര്. വരന്റെ സംഘം വിവാഹച്ചടങ്ങുകൾക്കായി രാംപൂർ മണിഹരനിൽ നിന്നും ഹരിദ്വാറിലെത്തി. വിവാഹ ഘോഷയാത്ര എത്തിയതോടെ ചടങ്ങുകളും തുടങ്ങി. ആ സമയത്താണ് യുവാവ് സ്വയം മന്ത്രങ്ങളുരുവിട്ടത്. പിന്നീട്, സ്വയം പുരോഹിതനായി. ഇത് അവിടെ കൂടി നിന്നവരെയും വധുവിനെയും എല്ലാം അമ്പരപ്പിച്ചു.
ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ വിവേക് വിവാഹമണ്ഡപത്തിലിരുന്നുകൊണ്ട് മന്ത്രങ്ങള്‍ ഉരുവിടുന്നതാണ് വീഡിയോയില്‍. വരന് സമീപം വധുവും ഇരിക്കുന്നത് ദ്യശ്യങ്ങളില്‍ കാണാം. താന്‍ നേരത്തെ മന്ത്രങ്ങള്‍ പഠിച്ചയാളാണെന്നും തന്റെ വിവാഹത്തിന് സ്വയം ചടങ്ങുകള്‍ നടത്താമെന്ന് തീരുമാനിക്കുകയായിരുന്നെന്നും യുവാവ് വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സ്വന്തം വിവാഹം നടത്തിയ പുരോഹിതന്‍ എന്നനിലയില്‍ വിവേക് തന്റെ ഗ്രാമത്തിലും ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. ഗുരുകുല്‍ ഗന്‍ഗ്രി യൂണിവേഴ്‌സിറ്റിയിലെ ബി.ഫാം വിദ്യാര്‍ഥിയാണ് വിവേക് കുമാര്‍. നേരത്തേയും ഇയാള്‍ വിവാഹചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.