കുമ്പളങ്ങി നൈറ്റ്സിലെ സിമിമോള്‍ എന്ന കഥാപാത്രത്തെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ മലയാളി പ്രേഷകര്‍ക്ക് കഴിയില്ല. സിമിമോളായി വെള്ളിത്തിരയില്‍ തിളങ്ങിയ താരത്തിന്റെ യഥാര്‍ഥ പേര് ഗ്രേസ് ആന്റണി എന്നാണ്. തന്റെ അഭിനയജീവിതത്തിലെ ആദ്യ ബ്രേക്കിന് എന്നും കടപ്പെട്ടിരിക്കുന്നത് സന്തോഷ് പണ്ഡിറ്റിനോടാണെന്ന് ഗ്രേസ് പറയുന്നു. ഒത്തിരിപേര്‍ കളിയാക്കുന്നുണ്ടെങ്കിലും തനിക്ക് എന്നും സന്തോഷ് പണ്ഡിറ്റിനോട് ഒരു സ്നേഹമുണ്ടെന്നും കരിയറിലെ ആദ്യ ബ്രേക്കിന് അദ്ദേഹത്തോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നുമാണ് ഗ്രേസ് പറഞ്ഞത്.
ഒമര്‍ ലുലു ചിത്രം ‘ഹാപ്പി വെഡ്ഡിംഗി’ലൂടെയാണ് സിമി ശ്രദ്ധേയയായത്. ചിത്രത്തിലെ റാഗിങ് രംഗത്ത് സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി…’ എന്ന ഗാനം ആസ്വദിച്ചു പാടുന്നത് ഏറെ ഹിറ്റായിരുന്നു. സിനിമയുടെ ഓഡീഷന്റെ സമയത്ത് ഹരിമുരളീരവം പാടാം എന്നായിരുന്നു തീരുമാനമെന്നും ഒടുവില്‍ താന്‍ തന്നെ രാത്രി ശുഭരാത്രി എന്ന പാട്ട് സജസ്റ്റ് ചെയ്യുകയായിരുന്നെന്നും ഗ്രേസ് പറഞ്ഞു. സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ പാട്ടുകളും ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മലയാള സിനിമയില്‍ ഒരു അഡ്രസ് ഉണ്ടാക്കിയെടുക്കാന്‍ തനിക്ക് കഴിയില്ലായിരുന്നുവെന്നും ഗ്രേസ് കൂട്ടിച്ചേര്‍ത്തു.