‘ഇന്ത്യ’യെ ‘ഭാരത’മാക്കാൻ ഭരണഘടനാഭേദഗതി? പ്രത്യേക സമ്മേളനത്തിൽ ബിൽ കൊണ്ടുവരാൻ നീക്കം
ന്യൂഡൽഹി: ജി-20 ഉച്ചകോടിയുടെ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനുപകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നെഴുതിയതിന് നിയമപരമായി പ്രത്യാഘാതമുണ്ടോ എന്ന ചോദ്യമുയരുകയാണ്. അതിനുത്തരം ഭരണഘടനയിൽ തിരഞ്ഞാൽ അതിൽ ഇന്ത്യ എന്നും ഭാരതം എന്നും ഉപയോഗിച്ചിരിക്കുന്നതായി കാണാം. നിയമപരമായി രണ്ടും നിലനിൽക്കും. എന്നാൽ ഒന്നുമാത്രമെടുത്ത് മറ്റൊന്നിനെ ഒഴിവാക്കാൻ ഭരണഘടനാഭേദഗതി വേണ്ടിവരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനയിൽ ഒരിടത്തുമാത്രമാണ് ഭാരതം എന്ന് ഉപയോഗിച്ചിട്ടുള്ളത്. അത് ഒന്നാം അനുച്ഛേദത്തിൽ തന്നെയാണ്. ‘ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ യൂണിയനായിരിക്കും’ എന്ന് ഒന്നാം അനുച്ഛേദം പറയുന്നു. അതായത്, ഇന്ത്യ എന്നോ ഭാരതം എന്നോ ഉപയോഗിക്കാം.
ഭാരതസർക്കാർ, ഭാരതീയ റിസർവ് ബാങ്ക്, ഭാരതീയ റെയിൽ എന്നെല്ലാം ഹിന്ദിയിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇനി മുതൽ ഇന്ത്യ എന്ന് ഉപയോഗിക്കരുതെന്നും ഭാരതം എന്നു മാത്രമേ പറയാവൂ എന്നും (മറിച്ചും) നിഷ്‌കർഷിക്കണമെങ്കിൽ ഭരണഘടനാഭേദഗതി ആവശ്യമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനയിൽനിന്ന് ഇന്ത്യ ഒഴിവാക്കി ഭാരതം മാത്രമാക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രീംകോടതി 2020-ൽ തള്ളിയിരുന്നു. ഭാരതം എന്ന് ഭരണഘടനയിൽ പറയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.
രാജ്യത്തിന്റെ പേര് എന്തായിരിക്കണമെന്നത് സംബന്ധിച്ച് 1949 സെപ്റ്റംബർ 17-നാണ് ഭരണഘടനാ നിർമാണസഭയിൽ സുദീർഘമായ ചർച്ചനടന്നത്. ഇന്ത്യ എന്നത് കൊളോനിയൽ പേരാണെന്നും വിദേശികളിട്ടതാണെന്നുമെല്ലാം അതിനെ എതിർക്കുന്നവർ വാദിച്ചു. ‘ഭാരതം, ഇംഗ്ലീഷ് ഭാഷയിൽ ഇന്ത്യ’ എന്ന രീതിയിൽ വേണമെന്ന് എച്ച്.വി. കാമത്ത് നിർദേശിച്ചു. ‘ഭാരതം, വിദേശരാജ്യങ്ങളിൽ ഇന്ത്യ എന്നും അറിയപ്പെടും’ എന്നാക്കാമെന്ന് സേത്ത് ഗോവിന്ദ് ദാസ് നിർദേശിച്ചു. (‘അയർ, ഇംഗ്ലീഷിൽ അയർലന്റ്’ എന്നാണ് അവരുടെ ഭരണഘടനയിൽ പറയുന്നത്)
ഹരിഗോവിന്ദ് പന്താവട്ടെ, ഭാരതവർഷ എന്നാക്കണമെന്ന് വാദിച്ചു. പുറമേനിന്നുള്ള ഭരണാധികാരികൾ അടിച്ചേൽപ്പിച്ച വാക്കാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഈ നിർദേശങ്ങളൊന്നും സ്വീകരിക്കാതെ ഇന്ത്യയും ഭാരതവും ഉൾപ്പെടുത്താനായിരുന്നു ഭരണഘടനാ നിർമാണസഭയുടെ തീരുമാനം.
ഇന്ത്യ എന്നതിനു പകരം രാജ്യത്തെ ഭാരത് എന്ന് വിളിക്കണമെന്ന നിർദേശം രണ്ടു ദിവസം മുമ്പാണ് ആർ.എസ്.എസ്. മുന്നോട്ടുവെച്ചത്. പിന്നാലെയാണ് പേരുമാറ്റനീക്കം നടക്കുന്നുവെന്ന സൂചനയുമായി രാഷ്ട്രപതിയുടെ ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് പ്രത്യക്ഷപ്പെട്ടത്.
അസമിലെ ഗുവാഹാട്ടിയിൽ സകാൽ ജയിൻ സമാജത്തിന്റെ സമ്മേളനത്തിൽ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതാണ് ഇന്ത്യ എന്ന വിളി നിർത്തി ഭാരത് എന്നുപയോഗിക്കാൻ നിർദേശിച്ചത്. പ്രതിപക്ഷസഖ്യത്തിന് ഇന്ത്യ എന്ന പേരിട്ട പശ്ചാത്തലത്തിലായിരുന്നു ഇത്. “മുൻകാലത്ത് ഇംഗ്ലീഷുകാർക്ക് മനസ്സിലാകാൻ വേണ്ടിയാണ് നമ്മൾ ഇന്ത്യ എന്ന് ഉപയോഗിച്ചത്.
അത് പിന്നീട് പൊതുവായ പ്രയോഗമായി മാറി. എന്നാൽ, ഇന്ത്യ എന്ന വിളിപ്പേര് നമ്മൾ അവസാനിപ്പിക്കുക തന്നെ വേണം. ഭാരതമെന്ന് പേര് എന്നെന്നും നിലനിൽക്കും. ലോകത്ത് എവിടെപ്പോയാലും ഭാരതം എന്ന പേരുതന്നെ ഉപയോഗിക്കണം. വാക്കിലും എഴുത്തിലും ഭാരതം തന്നെ വേണം”-ഭാഗവത് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാനമായ വികാരമാണ് പ്രകടിപ്പിച്ചുവന്നത്. അടിമത്തത്തിന്റെ എല്ലാ അടയാളങ്ങളിൽ നിന്നും സ്വാതന്ത്ര്യം പ്രാപിക്കണമെന്ന് അദ്ദേഹം പതിവായി നിർദേശിക്കുന്നതാണ്.
രാഷ്ട്രപതിയുടെ ക്ഷണക്കത്തിലെ മാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ, ഈ മാസം 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേകസമ്മേളനത്തിൽ രാജ്യത്തിന്റെ പേരുമാറ്റത്തിനായി പ്രമേയം കൊണ്ടുവരുമെന്ന് അഭ്യൂഹമുയർന്നു.
ശനിയാഴ്ചത്തെ അത്താഴവിരുന്നിലേക്ക് ജി-20 നേതാക്കളും മുഖ്യമന്ത്രിമാരുമുൾപ്പെടെയുള്ളവരെ ക്ഷണിച്ചുകൊണ്ട് അയച്ച കുറിയിലാണ് പേരുമാറ്റം. ‘ഭാരതം-ജനാധിപത്യത്തിന്റെ അമ്മ’ എന്ന പേരിൽ വിദേശപ്രതിനിധികൾക്കായി തയ്യാറാക്കിയ കൈപ്പുസ്തകത്തിലും പേരുമാറ്റമുണ്ട്. ഒരു ഔദ്യോഗികപരിപാടിയിൽ ആദ്യമായാണ് ഇത്തരമൊരു മാറ്റമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി.
ഇന്ത്യയെ പൂർണമായും ‘ഭാരത്’ എന്നുവിളിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യഹർജി 2016-ൽ സുപ്രീംകോടതി തള്ളിയിരുന്നു. പൗരർക്ക് അവരുടെ ഇഷ്ടാനുസരണം രാജ്യത്തെ ഇന്ത്യയെന്നോ ഭാരതമെന്നോ വിളിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി അന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. ജി-20 ക്ഷണത്തെച്ചൊല്ലി പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനം നേരിടുന്ന കേന്ദ്രസർക്കാരാകട്ടെ 2015 നവംബറിൽ രാജ്യത്തെ ‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരത്’ എന്നുവിളിക്കേണ്ടതില്ലെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലവും നൽകി.
മഹാരാഷ്ട്രയിൽനിന്നുള്ള നിരഞ്ജൻ ഭട്‌വാളാണ് ഇന്ത്യയെ ഭാരതമെന്ന് വിളിക്കാൻ ഉത്തരവുണ്ടാകണമെന്നാവശ്യപ്പെട്ട് പൊതുതാത്‌പര്യ ഹർജി സമർപ്പിച്ചത്. എന്നാൽ, വിരമിച്ച ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂറും ജസ്റ്റിസ് യു.യു. ലളിതും അടങ്ങുന്ന ബെഞ്ച് ഹർജിക്കാരനോട് ഒട്ടും യോജിച്ചില്ല. ‘‘ഭാരതമോ ഇന്ത്യയോ? നിങ്ങൾക്ക് ഭാരതം എന്നു വിളിക്കണമെന്നാണ് ആഗ്രഹമെങ്കിൽ ഒരു കുഴപ്പവുമില്ല, അങ്ങനെ ആയിക്കോളൂ. ഇനി മറ്റുള്ളവർ ഇന്ത്യ എന്നുവിളിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെയായിക്കോട്ടെ. രണ്ടിനും സ്വാതന്ത്ര്യമുണ്ട് ’’ -ബെഞ്ച് അഭിപ്രായപ്പെട്ടു.
പൊതുതാത്പര്യഹർജിയെ എതിർത്തുകൊണ്ട് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞത് ഇങ്ങനെ: ‘‘രാജ്യത്തിന്റെ പേര് അവതരിപ്പിക്കുന്ന ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിൽ എന്തെങ്കിലും മാറ്റം പരിഗണിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഭരണഘടനയുടെ അനുച്ഛേദം 1 (1) പറയുന്നത് ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കുമെന്നാണ്. ഭരണഘടനാനിർമാണവേളയിൽ രാജ്യത്തിന്റെ പേരുസംബന്ധിച്ച വിഷയങ്ങൾ ഭരണഘടനാസഭ വിപുലമായി ചർച്ചചെയ്തതാണ്. തുടർന്ന്, ഒന്നാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു”.
തുടർന്ന് ഹർജിക്കാരനുനേരെ രൂക്ഷപരാമർശം നടത്തിക്കൊണ്ടാണ് സുപ്രീംകോടതി പൊതുതാത്പര്യഹർജി തള്ളിയത്. പൊതുതാത്പര്യഹർജികൾ പാവങ്ങൾക്കുവേണ്ടിയാകണം, തങ്ങൾക്ക് വേറെ ജോലിയൊന്നുമില്ലെന്നാണോ വിചാരമെന്നും ഹർജിക്കാരനോട് ബെഞ്ച് ചോദിച്ചു.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണി ‘ഇന്ത്യ’ എന്ന പേര് ഉപയോഗിച്ചു തുടങ്ങിയതിൽപ്പിന്നെയാണ് ഭാരത് എന്ന് രാജ്യത്തെ വിശേഷിപ്പിക്കുന്നതിൽ കേന്ദ്രസർക്കാരും ബി.ജെ.പി.യും ശ്രദ്ധിച്ചുതുടങ്ങിയത്. ഭാരത് എന്ന് പേര് മാറ്റണമെങ്കിൽ ഭരണഘടന ഭേദഗതി ചെയ്യണം. അതിനായി ബിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ട്.
ഇന്ത്യയെന്ന പേര് കൊളോണിയൽ ഭരണകാലത്തെ ഓർമിപ്പിക്കുന്നതാണെന്നും ഭരണഘടനയിൽനിന്ന് അതൊഴിവാക്കണമെന്നും ബി.ജെ.പി.യുടെ രാജ്യസഭാംഗം നരേഷ് ബൻസൽ പാർലമെന്റിന്റെ കഴിഞ്ഞ വർഷകാലസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തിന്റെ പേരുമാറ്റാന്‍ ആര്‍ക്കും അധികാരമില്ലെന്ന് എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ്പവാര്‍. ഭരിക്കുന്ന പാര്‍ട്ടിക്ക് രാജ്യത്തിന്റെപേരില്‍ എന്തിനിത്ര ആശങ്കയെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാഭേദഗതികൊണ്ടുവന്ന് രാജ്യത്തിന്റെ പേരുമാറ്റുമോയെന്ന കാര്യം അറിയില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബുധനാഴ്ച വിളിച്ച ‘ഇന്ത്യ’ യോഗത്തില്‍ ഈവിഷയം ചര്‍ച്ചയ്ക്കുവരുമെന്നും പവാര്‍ അറിയിച്ചു.
ഇന്ത്യയെ മാറ്റുമെന്ന് വാഗ്ദാനംചെയ്ത് അധികാരത്തില്‍വന്ന ബി.ജെ.പി. ഒമ്പതുവര്‍ഷത്തിനുശേഷം രാജ്യത്തിന്റെ പേരുമാറ്റാനാണ് ശ്രമിക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’ ബി.ജെ.പി.യെ ഭരണത്തില്‍നിന്ന് പുറന്തള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി.ക്കെതിരേ രൂപംകൊണ്ട പ്രതിപക്ഷസഖ്യത്തിന് ‘ഇന്ത്യ’ എന്ന അര്‍ഥഗര്‍ഭമായ പേരാണ് നല്‍കിയിട്ടുള്ളത് -സ്റ്റാലിന്‍ പറഞ്ഞു.
ഭാരതത്തോട് കോണ്‍ഗ്രസിന് വെറുപ്പാണെന്നാണ് തോന്നുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തു. മഹാഭാരതമടക്കം പുരാണങ്ങളില്‍ ഭാരതമെന്ന പേര് കാണുന്നുണ്ടെന്ന് ആര്‍.എസ്.എസ്. തത്ത്വചിന്തകന്‍ എസ്. ഗുരുമൂര്‍ത്തി പറഞ്ഞു. ഭാരത് എന്ന് ഉപയോഗിക്കുന്നതിനെ വിശ്വഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തു.