നേരറിയാന്‍ സി.ബി.ഐ; ടൈറ്റാനിയം അഴിമതിക്കേസ് സി.ബി.ഐ.യ്ക്ക് വിടാന്‍ തീരുമാനം
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പ്രതികളായ ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയില്‍ മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നുവെന്നാണ് പരാതി. നിലവില്‍ വിജിലന്‍സാണ് കേസന്വേഷിച്ചു വരുന്നത്.
ടൈറ്റാനിയം അഴിമതി കേസിന് അന്താരാഷ്ട്ര, അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ ഉളള പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അഴിമതിയില്‍ ഉള്‍പ്പെട്ടത് വിദേശ കമ്പനിയായതിനാല്‍ വിദേശത്തും അന്വേഷണം ആവശ്യമാണ്. ഇടപാടുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തണം. നിലവില്‍ കേസന്വേഷിക്കുന്ന വിജിലന്‍സ് ഇന്റര്‍പോളിനെ സമീപിച്ചിരുന്നുവെങ്കിലും സഹായം ലഭ്യമായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് വിടാനുളള സര്‍ക്കാര്‍ തീരുമാനം.
2006 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണ് തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയില്‍ മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്. പ്ലാന്റിന്റെ നിര്‍മാണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോണ്‍ കമ്പനി വഴി ബ്രിട്ടണിലെ വി.എ.ടെക്ബാഗ് കമ്പനിക്കാണ് കരാര്‍ നല്‍കിയത്. 256 കോടിയുടേതായിരുന്നു കരാര്‍. ഇതില്‍ അഴിമതി നടന്നുവെന്നാണ് ആക്ഷേപം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍വ്യവസായ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, ടൈറ്റാനിയം മുന്‍ ചെയര്‍മാന്‍ ടി.ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.