തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സര്‍ക്കാര്‍. നിര്‍ണായക ഫയലുകള്‍ സുരക്ഷിതമാണെന്നും ഇവയില്‍ പലതും വീണ്ടെടുക്കാവുന്നതാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പ്രധാനപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്ന സീക്രട്ട് സെക്ഷനില്‍ തീപിടിച്ചിട്ടില്ലെന്നും നയതന്ത്ര ഫയലുകള്‍ കത്തിനശിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഗസ്റ്റ് ഹൗസ് ബുക്കിംഗും മന്ത്രി മന്ദിരങ്ങള്‍ സംബന്ധിച്ച രേഖകളുമാണ് കത്തിനശിച്ചവയില്‍ പലതും. ഇവയില്‍ പലതിനും ഒരു വര്‍ഷത്തോളം പഴക്കമുണ്ട്. പലതും വീണ്ടെടുക്കാവുന്നതാണെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
അതേസമയം, സെക്രട്ടേറിയറ്റിലെ തീപിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി. എസ്പി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. ഫൊറന്‍സിക് സംഘവും സെക്രട്ടേറിയറ്റിലെ പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നു. അന്വേഷണ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം സെക്രട്ടേറിയറ്റില്‍ എത്തിയിട്ടുണ്ട്.
തീപിടിത്തം വന്‍ വിവാദമായതോടെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ലോക്കല്‍ പൊലീസില്‍ നിന്ന് രാത്രി തന്നെ അന്വേഷണം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏല്‍പിച്ചു. ഒപ്പം ദുരന്ത നിവാരണവിഭാഗം കമ്മീഷണര്‍ എ കൗശികന്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.