കൊച്ചി: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്. സ്വപ്നാ സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ ഉന്നതനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനം. സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുള്ള രാഷ്ട്രീയനേതാവാണ് ഇദ്ദേഹം. കള്ളക്കടത്തിനെക്കുറിച്ച് ഇയാള്‍ക്ക് അറിവുണ്ടായിരുന്നെന്നും പലപ്പോഴും സഹായം നല്‍കിയിട്ടുണ്ടെന്നുമുള്ള സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കിയാണ് തിങ്കളാഴ്ച ചേര്‍ന്ന കസ്റ്റംസ് ഉന്നതതല യോഗത്തില്‍ ഈ തീരുമാനമുണ്ടായത്. എം. ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യാനും തീരുമാനിച്ചു.
സ്വപ്ന ഇടനിലക്കാരിയായ ഇടപാടുകളെക്കുറിച്ച് ഈ രാഷ്ട്രീയനേതാവിന് അറിവുണ്ടായിരുന്നു. പല ഇടപാടുകളിലും സ്വപ്നയെ ഇടനിലക്കാരിയാക്കുന്നതില്‍ മുഖ്യപങ്ക് ഈ നേതാവിനായിരുന്നു. സ്വര്‍ണക്കടത്തില്‍ പിടിയിലാവുന്നതിനു മുമ്പ് ഈ രാഷ്ട്രീയ നേതാവും സ്വപ്നയും പലയിടങ്ങളില്‍വെച്ച് രഹസ്യമായി കാണുകയും ഇടപാടുകള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് കസ്റ്റംസിനു ലഭിക്കുന്ന വിവരം.
ഇതോടെ, സ്വര്‍ണക്കടത്തിന് പുതിയ രാഷ്ട്രീയമാനങ്ങള്‍ കൈവരുകയാണ്. ഇതേ യോഗത്തില്‍ ശിവശങ്കറിന്റെ മൊഴിയും സ്വപ്നയുടെ മൊഴിയും ചേര്‍ത്തുവെച്ച് പരിശോധിച്ചു. രണ്ടുപേരുടെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി. ശിവശങ്കറിന്റെ ചില മൊഴികളില്‍ വ്യക്തതയില്ലാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്. ഈ ആഴ്ചതന്നെ ചോദ്യം ചെയ്യലുണ്ടാകുമെന്നാണു സൂചന.