News

സ്വര്‍ണക്കടകളില്‍ പരിശോധന വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി, യുദ്ധപ്രഖ്യാപനമെന്ന് വ്യാപാരികൾ

തിരുവനന്തപുരം:സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വിൽപന നികുതി ഇന്‍റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍
മുഖ്യമന്ത്രി പറഞ്ഞു.

നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തണം. അത്തരക്കാരുടെ ജിഎസ്ടി രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളെടുക്കണം. നികുതി പരിവ് കൂടുതല്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ ഇന്‍സന്‍റീവ് നല്‍കണം. വലിയ സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്‍റെ സാധ്യത മുഖ്യമന്ത്രി യോഗത്തില്‍ ആരാഞ്ഞു.

ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, നികുതി വകുപ്പ് സെക്രട്ടറി ശര്‍മിള മേരി ജോസഫ്, സംസ്ഥാന ജിഎസ്ടി കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്വർണ വ്യാപാര മേഖലയിൽ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കണമെന്ന ആവശ്യവുമായി ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ(AKGSMA) രംഗത്തെത്തി വാർത്താക്കുറിപ്പിൻ്റെ പൂർണ്ണരൂപമിങ്ങനെ:

ജി എസ് ടി നിലവിൽ വന്നതിനു ശേഷം സ്വർണാഭരണ വ്യാപാര മേഖലയിൽ നിന്നുള്ള നികുതി പിരിവ് വാറ്റ് കാലഘട്ടത്തെക്കാൾ വളരെക്കൂടുതലാണ്. സ്വർണത്തിനുള്ള 3% നികുതി കേന്ദ്രത്തിനും കേരളത്തിനും പകുതി വീതമാണ്. (1.5% സെൻട്രൽ GST, 1.5 % സ്റ്റേറ്റ് GST)മാത്രമല്ല സ്വർണ വ്യാപാരികൾ പകുതിയിലധികം ആഭരണങ്ങൾ വാങ്ങുന്നത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമാണ്. സ്വർണാഭരണ നിർമ്മാണത്തിനുപയോഗിക്കുന്ന തങ്കം ( ബുള്ള്യൻ) നൂറു ശതമാനവും കേരളത്തിന് വെളിയിൽ നിന്നാണ് വാങ്ങുന്നത്. ഇതുമൂലം കേരളത്തിന് ല നികുതി ലഭിക്കുന്നതേയില്ല. കേരളത്തിന് വെളിയിൽ നിന്നും വാങ്ങുന്ന ആഭരണങ്ങൾക്ക് അതാതു സംസ്ഥാനങ്ങളിൽ നികുതി നൽകുകയും അതിന് കേരളത്തിൽ സെറ്റോഫ് ലഭിക്കുകയും ചെയ്യുന്നുണ്ട്.

കേരളത്തിൽ വിറ്റഴിക്കുന്ന സ്വർണത്തിന് ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്ന നികുതിയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വാങ്ങിയ സ്വർണത്തിന്റെ നികുതി തട്ടിക്കഴിച്ചാണ് ഓരോ മാസവും വ്യാപാരി നികുതി അടയ്ക്കുന്നത്. വാറ്റ് കാലഘട്ടത്തിൽ 95% സ്വർണ വ്യാപാരികളും നികുതി കോമ്പൗണ്ട് ചെയ്യുന്ന രീതിയാണ് പിൻതുടർന്നു വന്നിരുന്നത്. ഓരോ വർഷവും മുൻവർഷത്തെക്കാൾ 25 % കൂട്ടി നികുതി അടച്ചു കൊള്ളാമെന്ന നിബന്ധനയുമുണ്ടായിരുന്നു. ജി എസ് ടി നിയമത്തിൽ അനുമാന നികുതിയും കോമ്പൗണ്ടിംഗ് രീതിയുമില്ലാത്തതിനാൽ യഥാർത്ഥ വിറ്റുവരവിൽ മാത്രമാണ് നികുതി അടയ്ക്കുന്നത്.

ഏകദേശം പതിനയ്യായിരത്തോളം സ്വർണ വ്യാപാരികൾ, അയ്യായിരത്തോളം നിർമ്മാണസ്ഥാപനങ്ങൾ, നൂറുകണക്കിന് ഹോൾ സെയിൽ വ്യാപാരികൾ ഉൾപ്പെടയുള്ളവർ ഈ മേഖലയിൽ പ്രവർത്തിക്കുന്നു.
40 ലക്ഷം രൂപ വാർഷിക വിറ്റുവരവുള്ളവർ ജി എസ് ടി രജിസ്ട്രേഷന്റെ പരിധിയിൽ വരാത്തതിനാൽ ഏതാണ്ട് ഏഴായിരത്തോളം വ്യാപാരശാലകൾ GST രജിസ്ട്രേഷന് പുറത്താണ്. 40 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള GST രജിസ്ടേഷൻ എടുത്തിട്ടുള്ള 7000 ഓളം സ്വർണ വ്യാപാരികൾ മാത്രമാണ് നികുതിഘടനയുടെ പരിധിയിൽ വരുന്നത്. നിരന്തരം പരിശോധന നടത്തി പീഡിപിക്കുന്ന സമീപനത്തിൽ മാറ്റം വരണം.
ഉദ്യോഗസ്ഥർ ശത്രുതാ മനോഭാവത്തോടെയാണ് വ്യാപാരികളോട് പെരുമാറുന്നത്.

ചെറിയ പിഴവ് കണ്ടെത്തിയാൽ പോലും പരമാവധി ശിക്ഷ വിധിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. അനതികൃത മേഖലയെ കടിഞ്ഞാണിടേണ്ടതിനു പകരം പരമ്പരാഗതമായി വ്യാപാരം ചെയ്യുന്ന സംഘടിത മേഖലയെ തച്ചുടയ്ക്കുന്ന സമീപനമാണ് മാറേണ്ടത്.

മറ്റൊരു വ്യാപാര മേഖലയിലുമില്ലാത്ത ഒട്ടേറെ പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയാണ് സ്വർണാഭരണ വ്യാപാര മേഖല കടന്നുപോകുന്നതു്.
കോവിഡ് വരുത്തി വച്ച അടച്ചിടലും അതു മൂലമുള്ള സാമ്പത്തിക ബാധ്യതകളും മറികടക്കാൻ ബദ്ധപ്പെടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.സ്വർണ വ്യാപാരശാലകളിൽ മാത്രം പരിശോധന വ്യാപകമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വർണ വ്യാപാരികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഓൾ കേരള ഗോൾഡ്‌ ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രതികരിച്ചു.

GST ഉദ്യോഗസ്ഥർ ഇപ്പോൾ തന്നെ സ്വർണക്കടകളുടെ മുന്നിൽ തന്നെ നിൽക്കുകയാണ്.
സ്വർണക്കടകൾക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ GST ഓഫീസിലും, പോലീസ് സ്റ്റേഷനിലും ലഭ്യമാക്കുമെന്നത് വ്യാപാരിയുടെ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും, പോലീസ് രാജ് ഈ മേഖലയിൽ നടപ്പിലാക്കാനാനുള്ള നീക്കമാണെന്നും അസോസിയേഷൻ ആരോപിച്ചു. നികുതി വരുമാന കുറവിന്റെ പേരിൽ സ്വർണ വ്യാപാര സംഘടനയുമായി ചർച്ച ചെയ്ത് സത്യാവസ്ഥ ബോധ്യപ്പെടാതെ ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപിക്കാനുള്ള നീക്കം അപലപനീയമാണ്.
കോവിഡ് സാഹചര്യങ്ങളിൽ വ്യാപാര സൗഹൃദ സംസ്ഥാനമാക്കി മാറ്റാൻ മുഖ്യമന്ത്രി തയ്യാറാകുമെന്നാണ് പ്രതീക്ഷ.

ഡോ.ബി.ഗോവിന്ദൻ, പ്രസിഡന്റ്,
കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി,
അഡ്വ.എസ്.അബ്ദുൽ നാസർ,
സംസ്ഥാന ട്രഷറർ,
ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ(AKGS MA)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button