
ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകർത്താണ് ഇന്ത്യ മത്സരം പിടിച്ചെടുത്തത്. പുറത്താകാതെ 129 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന്റെ നെടുംതൂണായത്.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 49.4 ഓവറില്‍ 228 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അവസാന നിമിഷംവരെ പിടിച്ചുനിന്ന തൗഹീദ് ഹൃദോയ് സെഞ്ചുറിയും (100) ജാകെര്‍ അലി അര്‍ദ്ധ സെഞ്ചുറിയും നേടി. മറ്റു ബാറ്റര്‍മാര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. ഷമി അഞ്ചുവിക്കറ്റുകള്‍ പിഴുതെപ്പോള്‍ ഹര്‍ഷിത് റാണ മൂന്നും അക്‌സര്‍ പട്ടേല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
നായകന്‍ ഷാന്റോ, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖര്‍ റഹീം എന്നിവര്‍ പൂജ്യരായി മടങ്ങി. ഇതിനിടെ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഉറപ്പിച്ച ഹാട്രിക് നിര്‍ഭാഗ്യം കൊണ്ട് അക്ഷര്‍ പട്ടേലിന് നഷ്ടമായി. രണ്ടാം പന്തില്‍ നിലയുറപ്പിച്ച തന്‍സീദ് ഹസ്സനെ(25) കീപ്പറുടെ കൈകളിലെത്തിച്ച അക്ഷര്‍ തൊട്ടടുത്ത പന്തില്‍ മുഷ്ഫിഖര്‍ റഹീമിനെയും അതേ മാതൃകയില്‍ പുറത്താക്കി. ഹാട്രിക് പന്ത് ജാക്കര്‍ അലിയുടെ ബാറ്റില്‍ നിന്ന് സ്ലിപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ കൈകളിലേക്ക്.
ആഘോഷം തുടങ്ങിയ ഇന്ത്യന്‍ താരങ്ങളെ നിരാശയിലാഴ്ത്തി രോഹിത്ത് അനായാസ ക്യാച്ച് നഷ്ടമാക്കി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹാട്രിക് എന്ന അപൂര്‍വ്വതയാണ് അക്ഷറിന് നഷ്ടമായത്. ആദ്യ ഓവറില്‍ ഓപ്പണര്‍ സൗമ്യ സര്‍ക്കാറിനെ മുഹമ്മദ് ഷമിയും രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈനെ ഹര്‍ഷിത് കോലിയുടെ കൈകളിലെത്തിച്ചും മടക്കി.
ജഡേജ, കുല്‍ദീപ്, അക്ഷര്‍ പട്ടേല്‍ എന്നീ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്.രണ്ടാം പേസറായി ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്തിയപ്പോള്‍ അര്‍ഷദീപിന് അവസാന ഇലവനില്‍ ഇടംകിട്ടിയില്ല. കെ.എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍.
2023 ലോകകപ്പ് ഫൈനലിനുശേഷം ഇത് തുടര്‍ച്ചയായി 11-ാം തവണയാണ് ഇന്ത്യക്ക് ഏകദിനത്തില്‍ ടോസ് നഷ്ടപ്പെടുന്നത്. 2011 മുതല്‍ 2013 വരെയുള്ള കാലയളവില്‍ ഇത്തരത്തില്‍ 11 തവണ ടോസ് നഷ്ടപ്പെട്ട നെതര്‍ലന്‍ഡ്സിനൊപ്പമെത്തി. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി,
ബംഗ്ലാദേശ് സ്‌ക്വാഡ്: നജ്മുല്‍ ഹുസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), ജാക്കര്‍ അലി, സൗമ്യ സര്‍ക്കാര്‍, തന്‍സിദ് ഹസന്‍, മുഷ്ഫിഖുര്‍റഹീം, മെഹിദി ഹസന്‍ മിറാസ്, തസ്‌കിന്‍ അഹ്‌മദ്, തന്‍സിം ഹസന്‍ സാക്കിബ്, മുസ്താഫിസുര്‍റഹ്‌മാന്‍, തൗഹീദ് ഹൃദോയ്, റിഷാദ് ഹുസൈന്‍.