News

അതിവേഗം പടരുന്ന കൊറോണ വൈറസ് തമിഴ്‌നാട്ടിലും! അതീവ ജാഗ്രത

ചെന്നൈ: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ തമിഴ്‌നാട്ടിലും സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ ആള്‍ക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗിയെ ഐസൊലേഷനിലാക്കിയെന്നും സമ്പര്‍ക്കത്തിലുള്ളവര്‍ നീരീക്ഷണത്തിലാണെന്നും തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ അറിയിച്ചു.

ഇന്ത്യയില്‍ ഇതുവരെ ആറു പേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊവിഡ് ബാധ സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇവര്‍ ആറു പേരും ബ്രിട്ടനില്‍ നിന്ന് എത്തിയവരാണ്. അതിവേഗം പടരുന്ന ജനിതക മാറ്റമുള്ള കൊവിഡ് വൈറസാണ് ഇന്ത്യയിലും കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ബംഗളുരു നിംഹാന്‍സിലും രണ്ടു പേര്‍ ഹൈദരാബാദ് സിസിഎംബിയിലും ഒരാള്‍ പൂന എന്‍ഐവിയിലുമാണ് ചികിത്സയിലുള്ളത്.

അതിവേഗം പടരുന്ന സാര്‍സ് കോവ്2 ഉപ ഗ്രൂപ്പ് വൈറസാണ് ബ്രിട്ടനില്‍ അടുത്തിടെ കണ്ടെത്തിയത്. കഴിഞ്ഞ നാലാഴ്ചകൊണ്ട് ഇത് ബ്രിട്ടന്റെ പലഭാഗങ്ങളിലും പടര്‍ന്നു. മിക്ക കേസുകളും ഈ ഉപ ഗ്രൂപ്പില്‍പ്പെട്ടതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇതു ശ്രദ്ധിക്കപ്പെട്ടത്. വേഗം പടര്‍ന്നുപിടിക്കുന്നതാണ് ഈ ഗ്രൂപ്പ് എന്ന് സംശയിക്കാന്‍ കാരണമിതാണ്.

ജനിതകക്രമം പഠിച്ചപ്പോള്‍ കണ്ടത് സ്‌പൈക്ക് പ്രോട്ടീനില്‍ ആറ് വ്യത്യസ്ഥ മ്യൂട്ടേഷന്‍ ഉണ്ടെന്നതാണ്. ഇത്രയേറെ മ്യൂട്ടേഷനുകള്‍ ഒന്നിച്ച് ഈ പ്രോട്ടീനില്‍ ഇതുവരെ മറ്റൊരു ഗ്രൂപ്പിലും കണ്ടെത്തിയിട്ടില്ല. മനുഷ്യകോശങ്ങളില്‍ എളുപ്പത്തില്‍ കയറിപ്പറ്റാനും വേഗത്തില്‍ പടരാനും ഇതുവഴി വൈറസിനു കഴിയുമോ എന്നതാണ് ശാസ്ത്രജ്ഞര്‍ ഉറ്റുനോക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button