മുംബൈ: ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് ഭക്ഷണവുമായി എത്തിയ മാതാവ് ഗൗരി ഖാനെ തടഞ്ഞ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ഉദ്യോഗസ്ഥർ. മഗ്ഡൊണാൾസിന്റെ ഏതാനും പായ്ക്കറ്റ് ബർഗറുകളുമായാണ് ഗൗരി ഖാൻ ആര്യനെ കാണാനായി എൻ.സി.ബി ഓഫിസിലെത്തിയത്. എന്നാൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ആര്യന് പുറത്തുനിന്ന് കൊണ്ടുവന്ന ഭക്ഷണം നൽകാൻ ഉദ്യോഗസ്ഥർ അനുവദിച്ചില്ല.
ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിക്ക് ഇടയിൽ അറസ്റ്റിലായ ആര്യൻ ഖാനും സുഹൃത്തുക്കൾക്കും വീട്ടിൽ നിന്നുള്ള ഭക്ഷണം എത്തിക്കാൻ അനുമതിയില്ല. അതിനാൽ വഴിയോരത്തുള്ള കടയിൽ നിന്നും ഹോട്ടലിൽ നിന്നുമാണ് ഇവർക്ക് ഭക്ഷണം ഏർപ്പാടാക്കിയിരിക്കുന്നത്. പൂരി-ബാജി, ദാൽ -ചോറ്, പറാത്ത -കറി തുടങ്ങിയ വിഭവങ്ങൾക്ക് പുറമേ അടുത്തുള്ള ഹോട്ടലിൽ നിന്നുള്ള ബിരിയാണി, പുലാവ് തുടങ്ങിയവയുമാണ് എൻസിബി ഉദ്യോഗസ്ഥർ ലോക്കപ്പിൽ കഴിയുന്ന ആര്യനടക്കമുള്ളവർക്ക് നൽകുന്നത്.
എൻ.സി.ബി.യുടെ കസ്റ്റഡിയിലുള്ള ആര്യൻ ഖാൻ വായിക്കാൻ ചോദിച്ചത് ശാസ്ത്ര പുസ്തകങ്ങളാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കസ്റ്റഡിയിൽ കഴിയുന്നതിനിടെ ആര്യൻ ഖാൻ ശാസ്ത്ര പുസ്തകങ്ങളാണ് വായിക്കാൻ ചോദിച്ചതെന്നും ആര്യന്റെ ആവശ്യപ്രകാരം എൻ.സി.ബി. ഉദ്യോഗസ്ഥർ ഇത് നൽകി.
അതിനിടെ, ലഹരിമരുന്ന് കേസിൽ ആര്യൻ ഖാനെയും മറ്റുള്ളവരെയും എൻ.സി.ബി. സംഘം ചോദ്യംചെയ്തുവരികയാണ്. വിശദമായ അന്വേഷണത്തിനായി ആര്യന്റെ മൊബൈൽ ഫോൺ ഗാന്ധിനഗറിലെ ഫൊറൻസിക് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനയിൽ ഫോണിൽനിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെടുക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
ആഡംബര കപ്പലിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരാണ് അറസ്റ്റിലായത്. ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൺമുൺ ധമേച്ച എന്നിവർക്ക് പുറമേ കപ്പലിൽ പാർട്ടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ നാല് ജീവനക്കാരും ഇതിൽ ഉൾപ്പെടുന്നു. ആര്യൻ, അർബാസ്, മുൺമുൺ ധമേച്ച എന്നിവരെ വ്യാഴാഴ്ച വരെയാണ് എൻ.സി.ബി.യുടെ കസ്റ്റഡിയിൽവിട്ടത്.