ഇന്ധന വില കുതിച്ചുയരാന്‍ സാധ്യത; ലിറ്ററിന് ആറു രൂപ വരെ വര്‍ധിച്ചേക്കും
കൊച്ചി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വന്‍ തോതില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ധന വില വര്‍ധിക്കാന്‍ സാധ്യത. പെട്രോളിനും ഡീസലിനും ലിറ്ററിന് ആറു രൂപയെങ്കിലും കൂടുമെന്നാണ് വിലയിരുത്തല്‍. ക്രൂഡോയിലിന് നിലവിലെ വില തുടരുകയാണെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുമെന്നും, ക്രൂഡ് വില 10 ശതമാനത്തിലധികം ഉയര്‍ന്നുനിന്നാല്‍ പമ്പുകളിലെ ചില്ലറവില കൂട്ടേണ്ടി വരുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം ചെയര്‍മാന്‍ എം.കെ. സുരാന അറിയിച്ചു.
സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്ബനിയായ അരാംകോയുടെ അബ്‌ഖൈക് എണ്ണ സംസ്‌കരണ ശാലയിലും, ഖുറൈസ് എണ്ണപ്പാടത്തുമുണ്ടായ ഡ്രോണ്‍ ആക്രമണമുണ്ടായതോടെയാണ് ക്രൂഡോയില്‍ വില കൂടിയത്. ആക്രമണം മൂലം ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ വര്‍ദ്ധന ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും കാര്യമായി ബാധിച്ചേക്കും. തിങ്കളാഴ്ച ബ്രെന്റ് ക്രൂഡിന്റെ യൂറോപ്പിലെ ഫ്യൂച്ചേഴ്സ് വില വീപ്പയ്ക്ക് 71.95 ഡോളറായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒറ്റയടിക്ക് 19 ശതമാനത്തിലേറെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചിലവുകളെയും വ്യാപാര കമ്മിയെയുമാണ് കാര്യമായി ബാധിക്കുക. ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടാകുന്ന ഓരോ ഡോളര്‍ വര്‍ദ്ധനയും ഒരു വര്‍ഷത്തില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവുകള്‍ 10,700 കോടിയായി ഉയരും. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ എണ്ണ ഇറക്കുമതിക്കായി 111.9 ബില്ല്യണ്‍ ഡോളറാണ് ചിലവഴിച്ചത്.