‘ഡോക്ടർ മുതൽ ബിസിനസുകാരെ വരെ വിവാഹം കഴിച്ചു, എത്ര തവണ വിവാഹം കഴിച്ചുവെന്ന് അറിയില്ല’; നടി തമന്ന ഭാട്ടിയ
മുംബൈ:ബോളിവുഡ് നടന്‍ വിജയ് വര്‍മ്മയും തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ടിയയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ നിരവധി വാർത്തകൾ സോഷ്യൽമീഡിയയിൽ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. തമന്നയുടെ ജന്മദിനമായ ഡിസംബർ 21ന് വിജയ് തമന്നയുടെ വസതിയിൽ എത്തിയതോടെയാണ് ഈ അഭ്യൂഹങ്ങളുടെ തുടക്കം.
പിന്നീട് വിമാനത്താവളത്തില്‍ വെച്ച് ഇരുവരെയും പാപ്പരാസി ക്യാമറകള്‍ പകര്‍ത്തിയതോടെ അഭ്യൂഹം കൂടുതല്‍ ശക്തമായി. ദിൽജിത് ദോസഞ്ജിന്‍റെ സംഗീത പരിപാടിക്ക് ഇരുവരും ഒരുമിച്ച് എത്തിയതോടെ പ്രണയവാര്‍ത്ത ഏതാണ്ട് സ്ഥിരീകരിച്ചു പാപ്പരാസികളും ആരാധകരും.
കൂടാതെ ന്യൂ ഇയര്‍ രാത്രിയില്‍ ഇരുവരും ചുംബിക്കുന്നുവെന്ന തരത്തിൽ പറയപ്പെട്ട ഒരു വീഡിയോയും വൈറലായിരുന്നു. ഗോവയില്‍ നിന്നായിരുന്നു ഈ ദൃശ്യം വന്നത്. ഇതിന് പിന്നാലെ ഗോവയിലെ അവധി ആഘോഷത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ തമന്ന തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.
എന്നാല്‍ ഈ ചിത്രങ്ങളിലൊന്നും വിജയ് വര്‍മ്മയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ചിലര്‍ ഇത് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതുവത്സരത്തില്‍ ചുംബന വീഡിയോ വൈറലായ സമയത്ത് നടി ഗോവയില്‍ ഉണ്ടായിരുന്നു എന്ന സ്ഥിരീകരണമായി ഈ പോസ്റ്റുകള്‍.
ശേഷം പിന്നേയും ഇരുതാരങ്ങളും ഒന്നിച്ച് ഒരു വേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബോളിവുഡ് പാപ്പരാസി യോഗൻ ഷായുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത പവീഡിയോയില്‍ തമന്നയും വിജയ് വര്‍മ്മയും ഇഎല്‍എല്‍ഇ ഗ്രാജ്വേറ്റ്സ് 2022 എന്ന ഫാഷന്‍ പരിപാടിയില്‍ ഒന്നിച്ച് എത്തിയ ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.
വിജയ്‌യും തമന്നയും ഒരുമിച്ച് പോസ് ചെയ്യുകയും രസകരമായ സംഭാഷണം നടത്തുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാമായിരുന്നു. ഇപ്പോഴിത തന്നെ പറ്റി പ്രചരിക്കുന്ന റൂമറുകളിൽ എത്രത്തോളം സത്യമുണ്ടെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് നടി തമന്ന ഭാട്ടിയ ഇപ്പോൾ.
ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഗോസിപ്പിൽ തമന്ന പ്രതികരിച്ചത്. ‘ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ടുണ്ട്. അതുകൊണ്ട് അത്തരം കിംവദന്തികൾ ചുറ്റിക്കറങ്ങുന്നു. അവയെല്ലാം വ്യക്തമാക്കേണ്ട ആവശ്യമില്ല. ഇതിൽ കൂടുതലൊന്നും എനിക്ക് പറയാനില്ല’ തമന്ന ഭാട്ടിയ പറഞ്ഞു.
കൂടാതെ തന്റെ പതിനെട്ട് വർഷത്തെ സിനിമാ ജീവിതത്തെ കുറിച്ചും തമന്ന സംസാരിച്ചു. ‘സാഹചര്യം പൂർണ്ണമായും മാറിയിരിക്കുന്നു. ഞാൻ ഇത് ഇഷ്ടപ്പെടുന്നു. കരീന, തബു എന്നിവരെയൊക്കെ കണ്ടാണ് ഞാൻ വളർന്നത്. മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് കരുതി ഞാൻ നിന്നിട്ടില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല.’
‘പുരുഷന്മാരെക്കാൾ കൂടുതൽ ഗോസിപ്പുകൾ കേൾക്കുന്നത് സ്ത്രീകളാണ്. ഞങ്ങൾ യഥാർത്ഥത്തിൽ വിവാഹിതരാകുന്നതിന് മുമ്പ് പലതവണ ഞങ്ങളെ ഒരു കൂട്ടം ആളുകൾ വിവാഹം കഴിപ്പിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഞങ്ങൾ വിവാഹിതരാകുന്നു. ഞാൻ ഇതുവരെ ഡോക്ടർ മുതൽ ബിസിനസുകാരെ വരെ വിവാഹം കഴിച്ച് കഴിഞ്ഞു.’
‘ഞാൻ ഇതിനകം നിരവധി തവണ വിവാഹിതയായിയെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ ശരിക്കും വിവാഹിതയാകുമ്പോൾ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. അത് മറ്റൊരു ഊഹാപോഹമാണെന്ന് ആളുകൾ കരുതും’ തമന്ന പറഞ്ഞു.
മുപ്പത്തിമൂന്നുകാരിയായ തമന്ന 2005ല്‍ ചാന്ദ് സാ റോഷൻ ചെഹ്‌റ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു. 2022ൽ ഗനി, എഫ്3: ഫൺ ആൻഡ് ഫ്രസ്ട്രേഷൻ, ബാബ്ലി ബൗൺസർ, പ്ലാൻ എ പ്ലാൻ ബി, ഗുർത്തുണ്ട സീതാകാലം എന്നിവയുൾപ്പെടെ നിരവധി തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ നടി അഭിനയിച്ചു.
ഈ വർഷം നവാസുദ്ദീൻ സിദ്ദിഖിയ്‌ക്കൊപ്പം ബോലെ ചുഡിയന്നാണ് തമന്നയുടെ ഇറങ്ങാനുള്ള ചിത്രം. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദം നേടിയ നടനാണ് വിജയ് വര്‍മ്മ. 2012ൽ ചിറ്റഗോങ്ങ് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തിയത്.