മഴ ലഭിക്കാന്‍ തവളക്കല്യാണം; മഴ അധികമായപ്പോള്‍ തവളകള്‍ക്ക് വിവാഹ മോചനം
മഴ ലഭിക്കാന്‍ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ തവളകളെ കല്യാണം കഴിപ്പിക്കുന്ന ആചാരം ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഉണ്ട്. എന്നാല്‍ മഴ അധികമായതിനെ തുടര്‍ന്ന് വിവാഹം കഴിപ്പിച്ച തവളകളെ വിവാഹമോചിതരാക്കുന്ന ആചാരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മധ്യപ്രദേശിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. ജൂലൈ മാസത്തില്‍ നാഗരിക സമിതി, പഞ്ചരത്ന സേവാ ട്രസ്റ്റ് എന്നീ സംഘടനകള്‍ ചേര്‍ന്നാണ് തവളകല്യാണം നടത്തിയത്. എന്നാല്‍ ഓം ശിവ് സേവാ ശക്തി മണ്ഡല്‍ എന്ന ഭോപ്പാലിലെ സംഘടനയാണ് തവളകള്‍ക്ക് വിവാഹമോചനം നടത്തിയത്. ക്ഷേത്രത്തില്‍ നടന്ന പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് പ്രതീകാത്മകമായി കൊണ്ട് വന്ന തവളകളെ വേര്‍പിരിച്ചത്.
കനത്ത മഴയെത്തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശത്തില്‍ കഴിയുന്ന സംസ്ഥാനത്തെ പ്രദേശങ്ങളെ രക്ഷപ്പെടുത്താനാണ് തവളകളുടെ വിവാഹബന്ധം വേര്‍പെടുത്തുന്നതെന്നാണ് വിശദീകരണം. തവളകള്‍ വിവാഹം കഴിക്കുമ്പോള്‍ മഴ പെയ്യുന്നുവെങ്കില്‍ അവര്‍ വേര്‍പിരിയുമ്പേള്‍ മഴ നില്‍ക്കുമെന്നാണ് വാദം.