തിരുവനന്തപുരത്ത് ബി.ജെ.പിയുടെ പേരില്‍ വന്‍ തട്ടിപ്പ്; യുവാക്കള്‍ക്ക് നഷ്ടമായത് 4.2 ലക്ഷം രൂപ
തിരുവനന്തപുരം: ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പേര് പറഞ്ഞ് പണം തട്ടിയെന്ന് പരാതി. സംഘടനയുടെ പേര് പറഞ്ഞ് തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി ചിത്തിര ഭവനില്‍ രവീന്ദ്രന്‍ നായരുടെ മകന്‍ ശങ്കര്‍ ദാസ് 4,20,000 രൂപയോളം തട്ടിയെടുത്തു എന്നാരോപിച്ച് കണ്ണൂര്‍ സ്വദേശികളായ യുവാക്കളാണ് രംഗത്ത് വന്നിരിക്കുന്നത്. തട്ടിപ്പ് സംബന്ധിച്ച് യുവാക്കള്‍ ഡി.ജി.പി ക്ക് പരാതി നല്‍കി. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
ബി.ജെ.പി സംസ്ഥാന നേതൃത്വവുമായിട്ടും ഹിന്ദു ഐക്യവേദി നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ശങ്കര്‍ ദാസ് യുവാക്കളെ വലയില്‍ വീഴ്ത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ സ്പോര്‍ട്സ് സ്‌കൂളില്‍ മെറ്റിരിയല്‍ വിതരണം ചെയ്യാനുള്ള ലൈസന്‍സ് കിട്ടിയിട്ടുണ്ടെന്നും പാര്‍ട്ടണര്‍ഷിപ്പില്‍ സംരംഭം തുടങ്ങാമെന്നും പറഞ്ഞു യുവാക്കളെ വിശ്വസിപ്പിച്ച് പണം തട്ടുകയായിരിന്നുവെന്ന് പരാതിയില്‍ പറയുന്നു. ഹിന്ദു ഐക്യവേദിയുടെ കണ്ണൂരില്‍ നിന്നുള്ള ഒരു വനിത നേതാവാണ് ശങ്കര്‍ ദാസിനെ ഇവര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്.
സാജ് ഗ്രൂപ്പ് ഓഫ് കമ്പനി എന്ന പേരില്‍ ഇയാള്‍ ഒരു കടയില്‍ ബോര്‍ഡ് സ്ഥാപിച്ച് യുവാക്കളെ കാണിച്ചാണ് വലയില്‍ വീഴ്ത്തിയത്. ഒടുവില്‍ വീണ്ടും വീണ്ടും പൈസ ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയ യുവാക്കള്‍ അത് നല്‍കാതിരിക്കുകയായിരുന്നു. തുടര്‍ന്ന് ശങ്കര്‍ ദാസ് യുവാക്കളോട് വളരെ മോശമായരീതിയില്‍ സംസാരിക്കുകയും ഈ ഓര്‍ഡര്‍ തനിക്കാണ് കിട്ടിയിരിക്കുന്നതെന്നും നിങ്ങളുടെ സേവനം ഇനി വേണ്ട എന്നും പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. യുവാക്കള്‍ക്ക് കൊടുക്കാനുള്ള പൈസ ഏപ്രില്‍ 30 ന് മുന്‍പ് തിരിച്ചു കൊടുക്കാമെന്നും വാക്ക് കൊടുത്തിരുന്നു.
പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ശങ്കര്‍ദാസ് നല്‍കിയ എട്ടോളം നമ്പറുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ ആയിരുന്നു. ഇതേതുടര്‍ന്ന് ആണ് പ്രവാസി മലയാളി കൂടിയായ യുവാക്കള്‍ നാട്ടിലെത്തി ഡിജിപിക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. എസ് ശ്രീധരന്‍ പിള്ളയ്ക്കും പരാതി നല്‍കിയത്. യുവാക്കള്‍ നല്‍കിയ പരാതിയിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടപടി എടുത്തിട്ടുണ്ടെന്നും എന്നാല്‍ വിലാസം വ്യാജമാണെന്നുമാണ് പോലീസ് പറയുന്നത്.