കോട്ടയം:കട്ടച്ചിറയിൽ നിയന്ത്രണംവിട്ട ആംബുലൻസ് ഇടിച്ച് നാല് പേർക്ക് പരിക്ക്. ആംബുലൻസ് ഡ്രൈവർ കരിക്ക് കുടിക്കാനായി വഴിയിൽ ഇറങ്ങിയപ്പോൾ കരിക്ക് വിൽപ്പനക്കാരൻ ആംബുലൻസ് എടുത്ത് ഓടിക്കുകവെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
ഏറ്റുമാനൂർ പാല റോഡിൽ വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പാലാ ജനറൽ ആശുപത്രിയിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ദാഹമകറ്റാനായി ആംബുലൻസ് ഡ്രൈവർ വാഹനം വഴിയോരത്ത് നിർത്തിയിട്ടതായിരുന്നു. ഈ സമയത്ത് കരിക്ക് വിൽപ്പനക്കാരൻ ആംബുലൻസിൽ കയറി വണ്ടി മുന്നോട്ടെടുത്തു. റോഡിലുണ്ടായിരുന്ന രണ്ട് വാഹനങ്ങളിൽ ആംബുലൻസ് ചെന്നിടിക്കുകയായിരുന്നു.
അപകട സമയത്ത് ആംബുലൻസിൽ രോഗികളാരും ഉണ്ടായിരുന്നില്ല. സംഭവത്തിൽ അലക്ഷ്യമായി വണ്ടിയോടിച്ച ആൾക്കെതിരേ ഏറ്റുമാനൂർ പോലീസ് കേസെടുത്തു.