പാലക്കാട്: പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സംഭവത്തില്‍ നാലു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസന്‍, കൊപ്പം സ്വദേശികളായ ബിനു, ഉണ്ണികൃഷ്ണന്‍ എന്നിവരെയാണു ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ നാലുപേരെയും പിന്നീടു സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഉദ്യോഗസ്ഥരുടെ അനുമതിയോടെ എത്തിയവര്‍ ലഹളയ്ക്കു കാരണമാകും വിധം തെറ്റായി പ്രവര്‍ത്തിച്ചെന്നാണു കേസ്. അതിക്രമിച്ചു കയറിയെന്ന കുറ്റവും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. കേസില്‍ എട്ടുപേര്‍ കൂടി അറസ്റ്റിലാകുമെന്നു വിവരം.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. എന്‍ഡിഎ വിജയം ഉറപ്പാക്കിയതിനു പിന്നാലെയാണു നഗരസഭാ കെട്ടിടത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയത്. ഒന്നില്‍ ശിവജിയുടെ ചിത്രത്തിനൊപ്പം ജയ് ശ്രീറാം എന്നും മറ്റൊന്നില്‍ മോദി, അമിത് ഷാ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം വന്ദേമാതരം എന്നുമാണ് എഴുതിയിരുന്നത്. പിന്നീട് പോലീസ് ഇടപെട്ടാണു ഫ്‌ളക്‌സ് നീക്കിയത്. സത്യപ്രതിജ്ഞാ ദിവസവും ഇവിടെ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു.