CrimeNationalNews

സിഖ് വിരുദ്ധ കലാപക്കേസ്;41 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി,മുൻ കോണ്‍ഗ്രസ്എം.പി. സജ്ജൻ കുമാറിന് ജീവപര്യന്തം

ന്യൂഡല്‍ഹി: 1984-ലെ സിഖ് വിരുദ്ധകലാപത്തിനിടെ സരസ്വതി വിഹാറില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ കോണ്‍ഗ്രസ് എം.പിയായ സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ. പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് വിധിപുറപ്പെടുവിച്ചത്. നേരത്തെ സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കലാപത്തില്‍ സജ്ജന്‍ കുമാര്‍ ഈ ആള്‍ക്കൂട്ടത്തിന്റെ ഭാഗമാവുക മാത്രമല്ല അവര്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തുവെന്നും കോടതി പറഞ്ഞിരുന്നു.

സിഖ് വിരുദ്ധ കലാപത്തിനിടെ ഡല്‍ഹിയിലെ സരസ്വതി വിഹാറില്‍ വെച്ച് 1984 നവംബര്‍ ഒന്നിന് അച്ഛനേയും മകനേയും കൊലപ്പെടുത്തിയ കേസിലാണ് വിധി. ജസ്വന്ത് സിങ്, മകന്‍ തരുണ്‍ദീപ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. തുടക്കത്തില്‍ പഞ്ചാബി ഭാഗ് പോലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. 2021 ഡിസംബര്‍ 16-ന്‌ സജ്ജന്‍ കുമാര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിരുന്നു.

1984 ഒക്ടോബര്‍ 31-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സിഖ് അംഗരക്ഷകര്‍ വെടിവെച്ചുകൊന്നതിനെത്തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ സായുധരായ ഒരു കൂട്ടം ആളുകള്‍ സിഖുകാരുടെ സ്വത്തുവകകള്‍ വന്‍ തോതില്‍ കൊള്ള നടത്തിയെന്നും നശിപ്പിച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. അതിനിടെയാണ് ജസ്വന്ത് സിങും മകനും കൊല്ലപ്പെട്ടത്. അക്രമികള്‍ ഇവരുടെ വീട് കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തു. ജസ്വന്ത് സിങിന്റെ ഭാര്യയാണ് പരാതിക്കാരി.

അക്രമി സംഘത്തെ നയിച്ചത് സജ്ജൻ കുമാറാണെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ശേഷം 1991 ൽ സജ്ജൻ കുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ 3 വർഷത്തിനു ശേഷം തെളിവില്ലെന്ന കാരണത്താൽ കുറ്റപത്രം തള്ളിയിരുന്നു. 

പിന്നീട് 2015 ൽ കേസിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും 2016 ൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. 2021 ൽ ഈ കേസിൽ സജ്ജൻ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഡല്‍ഹി പാലം കോളനിയിൽ 5 പേർ കൊല്ലപ്പെട്ട കേസിലാണ് ഇതിനു മുൻപ് സജ്ജൻ കുമാറിന് ജീവപര്യന്തം ലഭിച്ചത്. ഇതിനെതിരായ ഹർജി ഇപ്പോഴും സുപ്രീംകോടതിയുടെ പരി​ഗണനയിലാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker