രാഹുല്‍ ഗാന്ധിയുടെ കെട്ടിപ്പിടിത്തം പാരയായി; പ്രളയ ധനസഹായം ലഭിക്കാതെ സി.പി.എം അനുഭാവി
ആറന്മുള: പ്രളയത്തില്‍ ജീവന്‍ പോലും പണയപ്പെടുത്തി നൂറോളം പേരെ രക്ഷപെടുത്തിയയ സി.പി.എം അനുഭാവിയ്ക്ക് രാഹുല്‍ ഗാന്ധി വീട്ടിലെത്തി കെട്ടിപ്പിടിച്ചതിന്റെ പേരില്‍ പ്രളയ ധനസഹായം നിഷേധിക്കുന്നതായി പരാതി. പ്രളയത്തില്‍ കുടുങ്ങിയ നൂറോളം പേരെ രക്ഷപെടുത്തിയ ആറന്മുള സ്വദേശി രഘുനാഥനാണ് ഈ ദുരവസ്ഥ. രാഹുല്‍ കെട്ടിപ്പിടിച്ചതിനെ തുടര്‍ന്ന് ധനസഹായം നിഷേധിക്കപ്പെട്ടിരിക്കുന്നത്. പ്രളയത്തില്‍ മുങ്ങിത്താഴുമ്പോഴും ജീവന്‍ പോലും പണയപ്പെടുത്തി നൂറോളം പേരെ രക്ഷപെടുത്തിയ രഘുനാഥനെ രാഹുല്‍ ഗാന്ധി വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു. ഇതാണ് രഘുനാഥന് തിരിച്ചടിയായിരിക്കുന്നത്.
സിപിഎം അനുഭാവി ആണെങ്കിലും രാഹുല്‍ തന്റെ വീട്ടില്‍ എത്തിയത് പ്രാദേശിക സിപിഎം നേതാക്കള്‍ക്ക് അത്ര സുഗിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് രഘുനാഥന് ധനസഹായം നിഷേധിച്ചിരിക്കുന്നത്. ആറന്മുള എഴീക്കാട് കോളനി ബ്ലോക്ക് 78 ബിയിലാണ് രഘുനാഥന്‍ താമസിക്കുന്നത്. പ്രളയത്തില്‍ രഘുനാഥന്റെ വീടിനും ബലക്ഷയമുണ്ടായി. അടിത്തറ മണ്ണിലേയ്ക്ക് ഇരുന്ന് വീട് ചരിഞ്ഞ നിലയിലാണ്. ഇത് നേരെയാക്കാനായി മൂന്നു തവണ ധനസഹായത്തിന് അപേക്ഷിച്ചുവെങ്കിലും ഫലം കണ്ടില്ല. ഇപ്പോള്‍ വീട് ഒരു വശത്തേയ്ക്ക് താഴുകയും ഭിത്തി പിളരുകയും ചെയ്ത നിലയിലാണ്. രാഹുല്‍ ഗാന്ധി വീട്ടില്‍ വന്നുവെന്ന കാരണം കൊണ്ടു മാത്രമാണ് തനിക്ക് സഹായം നിഷേധിക്കുന്നതെന്നാണ് രഘുനാഥന്റെ ആരോപണം.