നിങ്ങള്‍ ഒരു പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാനും നിലവിലുള്ളത് ഉപേക്ഷിക്കാനും ആലോചിക്കുകയാണോ? നിങ്ങളുടെ പഴയ ഫോണ്‍ (old smartphone) വീട്ടില്‍ ഉപയോഗിക്കാതെയിരിക്കുകയാണെങ്കില്‍ അല്ലെങ്കിൽ അവ പരിസ്ഥിതിയില്‍ ഇ-മാലിന്യമായി മാറാതിരിക്കാൻ ചില കാര്യങ്ങൾ നിങ്ങൾക്കും ചെയ്യാം. ഇത്തരം ഫോണുകൾ നിങ്ങള്‍ക്ക് ഫ്ലിപ് കാർട്ടിന്റെ സെല്‍ ബാക്ക് പ്രോഗ്രാം (sell back programme) വഴി വിൽക്കാം.
അതുവഴി ഉപയോഗിച്ച ഉപകരണങ്ങള്‍ ഒഴിവാക്കാനും അതില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് ഫ്ലിപ് കാർട്ടിൽ (flipkart) നിന്ന് ഇഷ്ടമുള്ള ഏത് ഉല്‍പ്പന്നവും വാങ്ങാനും സാധിക്കും. ഐഡിസിയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏകദേശം 125 മില്യണ്‍ സ്മാര്‍ട്ഫോണുകള്‍ ഉണ്ടെന്നും എന്നാല്‍ 20 മില്യണ്‍ സ്മാര്‍ട്‌ഫോണുകള്‍ മാത്രമാണ് റീകണ്ടീഷന്‍ (recondition) ചെയ്ത് വിപണിയിലെത്തുന്നതെന്നും ഫ്ലിപ്കാർട്ട് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഈ ഉപയോഗിച്ച സ്മാര്‍ട്ട്ഫോണുകളില്‍ 85 ശതമാനവും മാലിന്യക്കൂമ്പാരങ്ങളിലാണ് ചെന്നെത്തുന്നത്. ഇത് പരിസ്ഥിതിയില്‍ വര്‍ദ്ധിച്ചു വരുന്ന ഇ-മാലിന്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇലക്ട്രോണിക്സ് റീ-കൊമേഴ്സ് പോര്‍ട്ടലായ യാന്ത്രയെ (Yaantra) ഏറ്റെടുത്തതിനെ തുടര്‍ന്നാണ് ഫ്‌ലിപ്പ്കാര്‍ട്ട് സെല്‍ ബാക്ക് പ്രോഗ്രാം ആരംഭിച്ചത്. ഡല്‍ഹി, കൊല്‍ക്കത്ത, പട്ന തുടങ്ങിയ നഗരങ്ങളില്‍ 1,700 പിന്‍ കോഡുകളിൽ സേവനം ലഭ്യമാണ്. ഇത്തരം ഫോണുകൾ വിറ്റ് ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് മറ്റൊരു ഉല്‍പ്പന്നം നിങ്ങൾക്ക് വാങ്ങുകയും ചെയ്യാം. പഴയ സ്മാര്‍ട്ട്ഫോണ്‍ നിങ്ങളുടെ പക്കലുണ്ടെങ്കില്‍ ഫ്‌ലിപ്പ്കാര്‍ട്ട് സെല്‍ ബാക്ക് പ്രോഗ്രാം എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
ഇതിനായി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഫ്ലിപ്കാർട്ട് ആപ്പ് ഡൌൺലോഡ് ചെയ്യുക. മെനു ബാറിലെ ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന് സെല്‍ ബാക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇത് നിങ്ങളെ സെല്‍ ബാക്ക് പ്രോഗ്രാം പേജിലേക്ക് കൊണ്ടുപോകും. വില്‍പ്പന ആരംഭിക്കുന്നതിന് ‘സെല്‍ നൗ’ ബട്ടണില്‍ ക്ലിക്കു ചെയ്യുക.
ബ്രാന്‍ഡിന്റെ പേര്, ഐഇഎംഐ നമ്പര്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ ഉത്തരം നല്‍കേണ്ടതുണ്ട്. നിങ്ങളുടെ ലൊക്കേഷന്‍ നല്‍കുകയും നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയും വേണം. അതിന് ശേഷം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ വില വെളിപ്പെടുത്തും. അതിനുശേഷം 48 മണിക്കൂറിനുള്ളില്‍ ഒരു ഫ്‌ലിപ്പ്കാര്‍ട്ട് പ്രതിനിധി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ശേഖരിക്കും. വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഉപയോക്താവിന് ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ഇലക്ട്രോണിക് സമ്മാന വൗച്ചറുകള്‍ ലഭിക്കും. ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് എന്തും വാങ്ങാന്‍ ഈ വൗച്ചര്‍ ഉപയോഗിക്കാം.
ഫോണിന്റെ മോഡല്‍, കാലപ്പഴക്കം, നിലവിലെ അവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയാകും വില നിശ്ചയിക്കുക. ഉടനെ തന്നെ പദ്ധതി ഇന്ത്യയില്‍ മൊത്തം വ്യാപിപ്പിക്കാനാണ് ഫ്ലിപ്കാർട്ടിന്റെ ശ്രമം. പദ്ധതി വ്യാപകമാകുന്നതോടെ ഇ- വേസ്റ്റുകള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്നാണു വിലയിരുത്തല്‍. ഇങ്ങനെ ശേഖരിക്കുന്ന ഫോണുകള്‍ പരിശോധനകള്‍ക്കു ശേഷം തിരികെ വിപണിയിലെത്തും. 2013ല്‍ ജയന്ത് ഝാ, അങ്കിത് സാരാഫ്, അമോല്‍ ഗുപ്ത എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ സ്ഥാപനമാണ് യന്ത്ര. ഉപയോഗിച്ച ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളാണ് പ്രധാനമായും കമ്പനി കൈകാര്യം ചെയ്യുന്നത്.