ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ കത്തെഴുതിയ അടൂര്‍ ഉള്‍പ്പെടെയുള്ള 49 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍
ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു തുറന്ന കത്തെഴുതിയ ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ള 49 പ്രമുഖ വ്യക്തികള്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. ബിഹാറിലെ മുസഫര്‍പുര്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരിയുടതാണ് ഉത്തരവ്. അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജയാണു പരാതിക്കാരന്‍. പ്രധാനമന്ത്രിക്കയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു കളങ്കമുണ്ടാക്കിയെന്നും പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണു സുധീര്‍ കുമാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.
എഴുത്തുകാരന്‍ രാമചന്ദ്ര ഗുഹ, സംവിധായകരായ മണിരത്‌നം, അടൂര്‍ ഗോപാലകൃഷ്ണന്‍, അനുരാഗ് കശ്യപ്, ചലച്ചിത്ര പ്രവര്‍ത്തകരായ രേവതി, അപര്‍ണാ സെന്‍ തുടങ്ങി വിവിധ മേഖലകളിലെ 49 പ്രമുഖ വ്യക്തികള്‍ കത്തില്‍ ഒപ്പിട്ടിരുന്നു. ജയ് ശ്രീറാം ഇപ്പോള്‍ പോര്‍വിളിയായി മാറിയെന്നും മുസ്ലികള്‍ക്കും ദളിതുകള്‍ക്കുമെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്കയുണ്ടെന്നും കാണിച്ചു ജൂലൈയിലാണു 49 പ്രമുഖര്‍ പ്രധാനമന്ത്രിക്കു കത്തയച്ചത്.