CrimeNationalNews

ആകാശപീഡനം തുടര്‍ക്കഥ: മൂന്ന് മാസത്തിനിടെ അഞ്ചാമത്തെ സംഭവം; വിമാനത്തില്‍ നേരിട്ട ലൈംഗികപീഡനം തുറന്ന് പറഞ്ഞ് യുവതി

മുംബൈ: വിമാന യാത്രക്കിടെ ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതിയുമായി യുവതി രം​ഗത്ത്. ശനിയാഴ്ച മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള രാത്രി യാത്രയിലാണ് താൻ അതിക്രമത്തിനിരയായതെന്ന് യുവതി പൊലീസിൽ പരാതിപ്പെട്ടു.

ക്യാബിൻ ലൈറ്റുകൾ ഡിം ചെയ്തപ്പോൾ പുരുഷ യാത്രക്കാരൻ ബോധപൂർവം ശരീരത്തിൽ സ്പർശിച്ച് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഇവർ പറഞ്ഞു. പരാതിയെ തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഇയാളെ ഗുവാഹത്തി പൊലീസിന് കൈമാറിയതായും എയർലൈൻ അധികൃതർ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിമാനയാത്രക്കിടെ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അഞ്ചാമത്തെ സംഭവമാണിത്. 

രാത്രി 9 മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ 6E-5319 വിമാനത്തിലാണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടനാഴിയോട് ചേർന്ന സീറ്റിലായിരുന്നു യുവതി ഇരുന്നതെന്ന് യുവതി പറഞ്ഞു. ലൈറ്റ് ഡിം ആക്കിയപ്പോൾ ഉറങ്ങാനായി ആംറെസ്റ്റുകൾ താഴ്ത്തി.

എന്നാൽ ഇടക്ക് ഉണർന്നപ്പോൾ പുരുഷ സഹയാത്രികൻ തന്നോട് ചേർന്ന് കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. യാത്രക്കാരന്റെ കൈ യുവതിയുടെ ദേഹത്തായിരുന്നു. യുവാവ് മനപ്പൂർവം ചെയ്യുന്നതാണോ എന്നറിയാൻ യുവതി റങ്ങുന്നതായി നടിച്ചു. 

ഏതാനും നിമിഷങ്ങൾക്കുള്ളിൽ സഹയാത്രികൻ ബോധപൂർവം തന്റെ ശരീരത്തിൽ പരതാനും അനുചിതമായി സ്പർശിക്കുന്നതും യുവതി തിരിച്ചറിഞ്ഞു. ”എനിക്ക് നിലവിളിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ കഴിഞ്ഞില്ല. ഞാൻ ആകെ മരവിച്ച അവസ്ഥയിലായിരുന്നു.

അവൻ വീണ്ടും ഇതേ പ്രവൃത്തി തുടർന്നപ്പോൾ ഞാൻ നിലവിളിച്ചു. സീറ്റ് ലൈറ്റുകൾ ഓണാക്കി ക്യാബിൻ ക്രൂവിനെ വിളിച്ചു. അതോടെ ഇയാൾ ചെയ്തതിന് ക്ഷമ ചോദിക്കാൻ തുടങ്ങി”- യുവതി മാധ്യമങ്ങളോട് വിവരിച്ചു. യുവതിയുടെ പരാതി ലഭിച്ചതിനെത്തുടർന്ന് യാത്രക്കാരനെ ഗുവാഹത്തി പൊലീസിന് കൈമാറിയതായി ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.

പൊലീസ് അന്വേഷണത്തിനായി ആവശ്യമായ സഹായം നൽകുമെന്നും ഇൻഡി​ഗോ പറഞ്ഞു. എയർലൈൻസിനും സിഐഎസ്‌എഫിനും എയർപോർട്ട് അധികൃതർക്കും പരാതി നൽകാൻ തന്നെ സഹായിച്ച സഹയാത്രികർക്കും യുവതി നന്ദി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button