FootballNationalNewsSports

ഛേത്രിയുടെ വിടവാങ്ങൽ മത്സരം വിജയത്തിലെത്തിയ്ക്കാന്‍ ഇന്ത്യക്കായില്ല; കുവൈത്തുമായി ഗോൾരഹിത സമനില

കൊല്‍ക്കത്ത: നായകന്‍ സുനില്‍ ഛേത്രിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ മികച്ച കളി പുറത്തെടുത്തിട്ടും കുവൈത്തിനോട് ഇന്ത്യ ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു. ഛേത്രിയുടെ അവസാന മത്സരം കാണാന്‍ അന്‍പതിനായിരത്തിലേറെ കാണികളാണ് സാള്‍ട്ട്‌ലേക്കിലെത്തിയത്. ഛേത്രിയുടെ ഓരോ ടച്ചും അവര്‍ നിറഞ്ഞ കൈയടികളാല്‍ ആവേശകരമാക്കി.

പരിക്കേറ്റ സന്ദേശ് ജിംഗാന്റെ അഭാവത്തില്‍ നിഖില്‍ പൂജാരി, രാഹുല്‍ ഭേകെ, അന്‍വര്‍ അലി, ജയ് ഗുപ്ത എന്നിവരെ പ്രതിരോധത്തിന്റെ ചുമതലയേല്‍പ്പിച്ചാണ് ഇഗോര്‍ സ്റ്റിമാച്ച് ടീമിനെ ഇറക്കിയത്. ലാലിയന്‍സുവാല ചാങ്‌തെ, അനിരുദ്ധ് ഥാപ്പ, സുരേഷ് സിങ്, ലിസ്റ്റന്‍ കൊളാസോ എന്നിവരായിരുന്നു മധ്യനിരയില്‍. മുന്നില്‍ ഛേത്രിയേയും തൊട്ടുപിന്നില്‍ സഹല്‍ അബ്ദുള്‍ സമദിനെയുമിറക്കി 4-4-1-1 ഫോര്‍മേഷനിലാണ് ടീം ഇറങ്ങിയത്.

കിറ്റ് സ്‌പോണ്‍സര്‍മാരായ പെര്‍ഫോമാക്‌സ് ആക്റ്റീവ്‌വെയര്‍ പുറത്തിറക്കിയ പുതിയ ജേഴ്‌സി ധരിച്ചായിരുന്നു ഛേത്രിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയത്.

കളിയുടെ തുടക്കത്തില്‍ത്തന്നെ ആക്രമിച്ചുകളിക്കാനാണ് ഇരുടീമും ശ്രമിച്ചത്. നാലാം മിനിറ്റില്‍ തന്നെ ഇന്ത്യന്‍ ബാക്ക്‌ലൈന്‍ കടന്ന് മുഹമ്മദ് അബ്ദുള്ളയിലൂടെ കുവൈത്ത് ഒരു മുന്നേറ്റത്തിന് ശ്രമിച്ചെങ്കിലും ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ സമയോചിതമായ ഇടപെടല്‍ രക്ഷയായി. എന്നാല്‍, മത്സരം 10 മിനിറ്റ് പിന്നിട്ടതോടെ ഇന്ത്യ കളംപിടിച്ചു.

ലിസ്റ്റന്‍ കൊളാസോയും സുനില്‍ ഛേത്രിയും ചേര്‍ന്നുള്ള ഒരു മുന്നേറ്റം ഏറെ പണിപ്പെട്ടാണ് കുവൈത്ത് പ്രതിരോധം തടഞ്ഞത്. പിന്നാലെ അനിരുദ്ധ് ഥാപ്പയുടെ ക്രോസില്‍ തലവെച്ച അന്‍വര്‍ അലിക്ക് ലക്ഷ്യം കാണാനായില്ല. തുടര്‍ന്ന് കുവൈത്തിനുമേല്‍ പ്രസ്സിങ് ഗെയിം പുറത്തെടുത്ത ഇന്ത്യ തുടര്‍ച്ചയായി എതിരാളികളുടെ ഗോള്‍മുഖം വിറപ്പിച്ചു.

വലതുവിങ്ങില്‍ നിഖില്‍ പൂജാരി ലാലിയന്‍ സുല ചാങ്‌തെ സഖ്യത്തിന്റെ മുന്നേറ്റങ്ങളാണ് കുവൈത്തിന് കൂടുതല്‍ തലവേദന സൃഷ്ടിച്ചത്. ആദ്യ പകുതി ഗോള്‍രഹിതസമനിലയില്‍ അവസാനിച്ചു.

അനുരുദ്ധ് ഥാപ്പയ്ക്കും സഹലിനും പകരം റഹീം അലിയേയും ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസിനെയും ഇറക്കിയാണ് രണ്ടാം പകുതിയില്‍ ടീം കളിച്ചത്. പിന്നാലെ 48-ാം മിനിറ്റില്‍ തന്നെ ഇന്ത്യയ്ക്ക് മത്സരത്തിലെ മികച്ച അവസരങ്ങളിലൊന്ന് ലഭിച്ചു. മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ റഹീം അലിക്ക് പക്ഷേ ഗോളി മാത്രം മുന്നില്‍നില്‍ക്കേ ലക്ഷ്യം കാണാനായില്ല. താരത്തിന്റെ ദുര്‍ബലമായ ഷോട്ട് കുവൈത്ത് ഗോളി അബ്ദുള്‍ ഗഫൂര്‍ തട്ടിയകറ്റുകയായിരുന്നു. പിന്നാലെ 51-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരവും റഹീമിന് മുതലാക്കാനായില്ല.

ഇതിനു പിന്നാലെ പോസ്റ്റില്‍ മുന്നില്‍നിന്ന് അല്‍റാഷിദിയുടെ ഷോട്ട് തടഞ്ഞിട്ട് ഗുര്‍പ്രീത് ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. 71-ാം മിനിറ്റില്‍ ലിസ്റ്റനു പകരം മന്‍വീര്‍ സിങ്ങിനെ കളത്തിലിറക്കിയ ഇന്ത്യ ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയെങ്കിലും കുവൈത്ത് പ്രതിരോധം ഉറച്ചുനിന്നു. 74-ാം മിനിറ്റില്‍ അല്‍സുലൈമാനിക്കെതിരേ ബോക്‌സില്‍ പുറത്തെടുത്ത മികച്ചൊരു ടാക്ലിങ്ങിലൂടെ അന്‍വര്‍ അലി കുവൈത്തിന്റെ ഉറച്ചൊരു ഗോളവസരം ഇല്ലാതാക്കി.

അവസാന 10 മിനിറ്റില്‍ ജയ് ഗുപ്തയ്ക്ക് പകരം ഐ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എഡ്മണ്ട് ലാല്‍റിന്‍ഡികയെ കളത്തിലിറക്കിയെങ്കിലും ഇന്ത്യയ്ക്ക് ഗോള്‍നേടാനായില്ല. ഇതിനിടെ എഡ്മണ്ടിനെ കുവൈത്ത് താരം ഫൗള്‍ ചെയ്തതോടെ മത്സരം അവസാന ഘട്ടത്തില്‍ അല്‍പം പരുക്കനായി.

സമനിലയോടെ ഗ്രൂപ്പ് എയില്‍ അഞ്ചു കളികളില്‍ നിന്ന് അഞ്ചു പോയന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. നാലു കളികളില്‍ നിന്ന് 12 പോയന്റുമായി ഖത്തറാണ് ഒന്നാമത്. സമനിലയോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തില്‍ കടക്കാനുള്ള സാധ്യത ഇന്ത്യ നിലനിര്‍ത്തി. ഇന്ത്യയുടെ ശേഷിക്കുന്ന മത്സരം ഖത്തറിനെതിരേയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker