KeralaNews

‘ഇന്നു ജീവിച്ചിരുന്നെങ്കിൽ പിതാവിന് പ്രായം 100നു മുകളിൽ; ഹൈവേ സൈഡിൽ ഭൂമിക്ക് വിലകൂടും’ആരോപണങ്ങളില്‍ പ്രതികരണവുമായി തോമസ് സി. തോമസ്

കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന്റെ സ്വത്ത് സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി സഹോദരന്‍ തോമസ് സി. തോമസ്. അനധികൃതമായി ജെയ്ക് ഒന്നും സമ്പാദിച്ചിട്ടില്ലെന്നും ദേശീയപാതയുടെ സമീപമുള്ള ഭൂമിക്ക് വില കൂടുക സ്വാഭാവികമാണെന്നും തോമസ് സമൂഹമാധ്യമത്തിൽ കുറിച്ചു. പിതാവിന് വാര്‍ധക്യത്തിലുണ്ടായ മക്കളാണ് തങ്ങള്‍ ഇരുവരുമെന്നും സ്വത്ത് സംബന്ധിച്ച രേഖകള്‍ ആവശ്യമെങ്കിൽ നല്‍കാന്‍ തയാറാണെന്നും കുറിപ്പില്‍ പറയുന്നു.

ജെയ്കിനെതിരെ ഉയരുന്ന ആക്ഷേപങ്ങളോട് പ്രതികരിക്കേണ്ടെന്നു കരുതിയതാണെങ്കിലും പിതാവിന്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടതിന്റെ ഹൃദയവേദനയിലാണ് എഴുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമത്തിൽ ഇല്ലെങ്കിലും തങ്ങളുടെ അമ്മയും ഇതൊക്കെ അറിയുകയും വേദനിക്കുകയും ചെയ്യുന്നുണ്ടെന്നും തോമസ് കുറിച്ചു. നാലു മാസം മുന്‍പു നടന്ന തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ മാമോദീസയ്ക്കെടുത്ത കുടുംബചിത്രവും തോമസ് പങ്കുവച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രിയരേ

ഞാൻ ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനോ പ്രചാരകനോ അല്ല. എല്ലാ രാഷ്ട്രീയത്തിൽ പെട്ട ആളുകളെയും ബഹുമാനിക്കുന്ന സ്നേഹിക്കുന്ന സാധാരണക്കാരനായ ഒരു ദൈവവിശ്വാസിയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ സഹോദരനും പുതുപ്പള്ളി മണ്ഡലത്തിലെ ഇടത് പക്ഷ സ്ഥാനാർഥിയുമായ ജെയ്‌ക്ക് സി തോമസിനെ വ്യക്തിപരമയി അധിക്ഷേപിക്കുന്ന പോസ്റ്റുകൾ കാണാനിടയായി. ജെയ്‌ക്ക് അനധികൃതമായി കോടികൾ സമ്പാദിച്ചെന്നും മറ്റുമൊക്കെ ഉള്ള ആരോപണങ്ങളോട് പ്രതികരിക്കേണ്ടന്നാണ് ജെയ്‌ക്ക് ഉൾപ്പടെ പറഞ്ഞത്. പക്ഷെ ഞങ്ങളുടെ പിതാവിന്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടപ്പോൾ മിണ്ടാതിരിക്കാനായില്ല. എല്ലാവരുടെയും സംശയങ്ങൾ തീർക്കുന്നതിനായി ചില കാര്യങ്ങൾ പങ്കു വയ്ക്കുകയാണ്.

1. ഞങ്ങളുടെ പിതാവിന്റെ പ്രായത്തെ സംബന്ധിച്ച് ?

ജീവിച്ചിരുന്നെങ്കിൽ ഞങ്ങളുടെ പിതാവിന് ഇപ്പോൾ 100 വയസ്സിനു മേലെ പ്രായം ഉണ്ടാകുമായിരുന്നു. 2011-ൽ അദ്ദേഹം മരിക്കുമ്പോൾ 89 വയസ്സയിരുന്നു. അദ്ദേഹം വിവാഹം കഴിച്ചത് വളരെ വൈകി ആണ്. മലങ്കര യാക്കോബായ സഭയിലെ അഭിവന്ദ്യ മെത്രപ്പോലീത്ത ആയിരുന്ന പെരുമ്പള്ളി തിരുമേനിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. വൈകിയ വേളയിലും അദ്ദേഹത്തെ വിവാഹത്തിന് നിര്ബന്ധിച്ചതും അതിനു മുൻകൈ എടുത്തതും തിരുമേനിയാണ്. ഫാ ഗീവർഗീസ് ചട്ടത്തിൽ അച്ചന്റെ കാർമികത്വത്തിൽ നടന്ന വിവാഹത്തിൽ തിരുമേനി പങ്കെടുത്തില്ലെങ്കിലും പിന്നീട് എന്റെ മാമോദീസ നടത്തിയത് അദ്ദേഹമായിരുന്നു. എന്റെ പിതാവിന്റെ വാർധക്യ കാലത്ത്‌ ഉണ്ടായ മക്കളാണു ഞങ്ങൾ രണ്ടു പേരും.

2. ജെയ്‌ക്കിന്റെ സ്വത്തിനെ സംബന്ധിച്ച്

എന്റെ പിതാവിന്റെ മാതാവും പിതാവും അവരുടെ അയ്മനത്തെ വീട് വിറ്റു 1930കളിൽ മണർകാട് എത്തി സ്ഥലം വാങ്ങി. അന്ന് വാങ്ങിയ സ്ഥലത്തിന് മുന്നിലൂടെ കെകെ റോഡ് വന്നത് പിന്നെയാണ്. സ്വാതന്ത്ര്യത്തിനു മുമ്പ് അദ്ദേഹം കോട്ടയം ചന്തയിൽ ബിസിനസ് ആരംഭിച്ചു പിന്നീട് ഇവിടെ മണർകാട്ട് സ്വന്തമായി ചെരുപ്പു കമ്പനിയും തുടങ്ങി. പിന്നീട് 2005-ൽ അദ്ദേഹം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ബിസിനസ് അവസാനിപ്പിച്ചു. അന്ന് ഞങ്ങൾ സ്കൂൾ വിദ്യാർത്ഥികൾ ആയിരുന്നു. പിന്നീട് ഞാൻ 2010-ൽ അടച്ചു പോയ കട തുറന്നു നടത്താന് ആരംഭിച്ചു. ജെയ്‌ക്ക് പിന്നീടാണ് സജീവ രാഷ്ട്രീയ പ്രവർത്തകൻ ആകുന്നത്.

2019ൽ ജെയ്ക്കും വിവാഹിതനായ ശേഷം ഞാൻ മണർകാട്ടെ ഞങ്ങളുടെ സ്ഥലത്തു തറവടിന്റെ മുന്നിലായി ബാങ്ക് ലോൺ എടുത്തു വീട് വച്ച് മാറി. അതിനു മുമ്പ് തന്നെ പിതാവിന്റെ സ്വത്ത് രണ്ടു മക്കള്‍ക്കുമായി ‘അമ്മ പകുത്തു തന്നു. ഇപ്പോൾ അമ്മയും ജെയ്ക്കും ഗീതുവും തറവാടിലും ഞാനും കുടുംബവും ഞങ്ങളുടെ വീട്ടിലും ഒരേ മനസ്സൊടെ ഒരുമയൊടെ ജീവിക്കുന്നു. ഹൈവെ സൈഡിൽ ഇരിക്കുന്ന ഭൂമിക്കു വിലകൂടുക സ്വാഭാവികം ആണ്. ഇതൊക്കെ ഈ നാട്ടിലെ കോൺഗ്രസുകാർ ഉൾപ്പടെ ഉള്ളവർക്ക് അറിയാവുന്ന കര്യവുമാണ്. നിങ്ങൾക്കു ആർക്കെങ്കിലും ഇത് സംബന്ധിച്ച് എന്തെങ്കിലും രേഖകൾ ആവശ്യമുണ്ടെങ്കിൽ ഞാൻ നൽകാം.

ജെയ്ക്കിനെ നിങ്ങൾക്കു വിമർശിക്കാം എതിർക്കാം. പക്ഷേ ഞങ്ങളുടെ പിതാവിനെ വെറുതെ വിടുക. സോഷ്യൽ മീഡിയയിൽ ഇല്ലെങ്കിലും ഞങ്ങളുടെ അമ്മയും ഇതൊക്കെ അറിയുകയും വേദനിക്കുകയും ചെയ്യുന്നുണ്ട്. എഴുതാനും വായിക്കാനും അറിയില്ലയിരുന്നെങ്കിലും ഞങ്ങളുടെ അച്ച പറഞ്ഞു തന്ന ഒരു കാര്യമുണ്ട്. ഒരിക്കലും കള്ളത്തരം കാണിക്കരുതെന്നു. ചിറയിൽ തോമസിന്റെ മക്കൾ അങ്ങനെ കള്ളത്തരം ചെയ്യുന്നവരാണെന്നു ഇന്നാട്ടുകാർ ഒരിക്കലും പറയില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker