ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
വെല്ലൂര്‍: ആറു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച 50 കാരനെ തിരുപട്ടൂര്‍ വനിതാ പോലീസ് അറസ്റ്റ് ചെയ്തു. തിരുപട്ടൂര്‍ സ്വദേശിയായ ജോണ്‍ ബാഷ അഞ്ച് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും രണ്ട് കുട്ടികള്‍ക്കൊപ്പം അഞ്ചാം ഭാര്യയോടൊപ്പം താമസിച്ചു വരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അടുത്തിടെ ഭാര്യയെ ഇയാള്‍ വിദേശത്ത് വീട്ടുജോലിയ്ക്കായി അയച്ചിരുന്നു.
പകല്‍ സമയങ്ങളില്‍ കുട്ടികള്‍ അമ്മയുടെ സഹോദരിയുടെ വീട്ടിലാണ് നിന്നിരുന്നത്. കൂലിപ്പണിക്കാരനായ ബാഷ വൈകുന്നേരം ഇവരെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകും. ഒരാഴ്ച മുന്‍പ്, ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ ബാഷ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റ പെണ്‍കുട്ടി സംഭവം മാതൃ സഹോദരിയെ അറിയിക്കുകയും അവര്‍ പെണ്‍കുട്ടിയെ തിരുപട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
മാതൃ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ബാഷയെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമ പ്രകാരമാണ് ബാഷയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.