മദ്യപാനം തടയാന്‍ ശ്രമിച്ച മകളെ മദ്യപാനിയായ പിതാവ് വെടിവെച്ചു കൊന്നു
ലക്‌നൗ: പിതാവ് മദ്യപിക്കുന്നത് കണ്ട് തടയാനെത്തിയ പതിനേഴുകാരിയായ മകളെ പോയിന്റ് റെയിഞ്ചില്‍ വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നേം സിംഗ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭാലിലെ ബന്ദറായിയിലാണ് ഇവര്‍ താമസിക്കുന്നത്. നേം സിംഗിന്റെ ഭാര്യ പതിനഞ്ചു വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തതാണ്. തുടര്‍ന്നാണ് ഇയാള്‍ അമിത മദ്യപാനം ആരംഭിച്ചത്. കൊല്ലപ്പെട്ട പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് മക്കളാണ് നേം സിംഗിന്.
വസ്തുവകകള്‍ അടക്കം വിറ്റുള്ള ഇയാളുടെ മദ്യപാന ശീലത്തെ മക്കള്‍ നിരന്തരം എതിര്‍ത്തിരുന്നു. എന്നിട്ടും ഇയാള്‍ കുടി അവസാനിപ്പിച്ചില്ല. ഇതിനിടെ മൂത്ത മകന്‍ ഭാര്യക്കൊപ്പം മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. കൊല്ലപ്പെട്ട പെണ്‍കുട്ടിയും ഇളയ ഒരു ആണ്‍കുട്ടിയും അച്ഛനൊപ്പം തുടര്‍ന്നു. കഴിഞ്ഞ ദിവസം പിതാവ് മദ്യപിക്കുന്നത് കണ്ട് തടയാനെത്തിയ മകളെ ഇയാള്‍ പോയിന്റ് റെയിഞ്ചില്‍ വെടി വയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.