സ്‌ട്രെച്ചറും വീല്‍ച്ചെയറും ലഭിച്ചില്ല; ക്രൂര ബലാത്സംഗത്തിനിരയായ മകളെ തോളിലേറ്റി നടന്ന് പിതാവ്
ലക്നൗ: അയല്‍വാസിയായ യുവാവ് ബലാല്‍സംഗം ചെയ്തു കാല്‍ തല്ലിയൊടിച്ചതുമൂലം നടക്കാനാവാത്ത 15കാരിയായ മകളെ സ്ട്രെച്ചറോ വീല്‍ചെയറോ ലഭിക്കാത്തതിനാല്‍ ചുമന്ന് കൊണ്ട് ആശുപത്രിയിലേക്ക് പോവുന്ന പിതാവിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ബി.ജെ.പിയുടെ യോഗി ആതിഥ്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍നിന്നാണ് ഞെട്ടലുളവാക്കുന്ന മറ്റൊരു സംഭവം കൂടി പുറത്ത് വന്നിരിക്കുന്നത്.
അയല്‍വാസിയായ 19കാരന്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മണിക്കൂറുകളോളം ബലാത്സംഗം ചെയ്യുകയും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കാല്‍ തല്ലിയൊടിക്കുകയുമായിരുന്നു. ഈ മാസം 14ന് ഇതു സംബന്ധിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പിറ്റേദിവസം പ്രതിയായ അങ്കിത് യാദവിനെ അറസ്റ്റ് ചെയ്തു ജയിലിലേക്ക് അയക്കുകയും ചെയ്തതായി മര്‍ഹിറ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജിതേന്ദര്‍ ബദൂരിയ പറഞ്ഞു.
മജിസ്ട്രേറ്റിന് മുമ്പിലെത്തി മൊഴി നല്‍കിയ ശേഷം 15കാരിയെ വൈദ്യ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് അയച്ചിരുന്നു. ഇവരോടൊപ്പം വനിതാ കോണ്‍സ്റ്റബിളിനേയും അയച്ചിരുന്നു. മൂവരും ജില്ലാ ആശുപത്രി അങ്കണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഇരകളാക്കപ്പെടുന്നവര്‍ക്കായി പുതുതായി നിര്‍മിച്ച ‘വണ്‍ സ്റ്റോപ്പ് സെന്റര്‍’ ലേക്ക് ആണ് നേരെ പോയത്.
വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഇവിടെനിന്നു പെണ്‍കുട്ടിയെ വനിതാ ആശുപത്രിയിലേക്ക് കൊണ്ടുപോവേണ്ടതുണ്ടായിരുന്നു. എന്നാല്‍, ഇവിടെനിന്ന് സ്ട്രെച്ചറോ വീല്‍ചെയറോ ലഭിക്കാത്തത് മൂലം പെണ്‍കുട്ടിയുടെ പിതാവിന് ചുമന്ന് കൊണ്ട് പോവേണ്ടിവന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ തങ്ങള്‍ അന്വേഷണം നടത്തിയതായും പുതുതായി നിര്‍മ്മിച്ച കേന്ദ്രത്തില്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സ്ട്രെച്ചറോ വീല്‍ചെയറോ പോലുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അജയ് അഗര്‍വാള്‍ പറഞ്ഞു.