കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം
ഗൂഡല്ലൂര്‍: നീലഗിരിയിലെ ചേരങ്കോടിനു സമീപം ആനപ്പള്ളത്തു കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും മരിച്ചു. ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂണിയന്‍ കൗണ്‍സിലര്‍ ആനന്ദ്രാജ് (55), മകന്‍ പ്രശാന്ത് (20) എന്നിവരാണു മരിച്ചത്. ഇന്നലെ സന്ധ്യയോടെ വീട്ടിലേക്കു നടന്നുപോകുന്നതിനിടെയാണ് ഇരുവരെയും കാട്ടാന ചവിട്ടിയും നിലത്തടിച്ചും കൊലപ്പെടുത്തിയത്.
നിലവിളി കേട്ടെത്തിയ പരിസരവാസികള്‍ ദാരുണരംഗമാണ് കണ്ടത്. ശ്രീലങ്കന്‍ അഭയാര്‍ഥി കുടുംബാംഗമാണ് ഡി.എം.കെ. പ്രാദേശിക നേതാവും ടാന്‍ടി എസ്റ്റേറ്റ് തൊഴിലാളിയുമായ ആനന്ദ്രാജ്. സംഭവസ്ഥലത്തു രാത്രി വൈകിയും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
ജില്ലാ കലക്ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥരെത്തിയ ശേഷമേ മൃതദേഹങ്ങള്‍ നീക്കംചെയ്യാന്‍ അനുവദിക്കൂവെന്ന നിലപാടിലാണു നാട്ടുകാര്‍. ചേരമ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ആനപ്പള്ളം. കഴിഞ്ഞ ദിവസം ചേരങ്കോടിനു സമീപം വയോധികന്‍ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചിരുന്നു.