ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്തിരുന്ന 32കാരനായ കര്‍ഷകന്‍ തണുത്ത് മരവിച്ച് മരിച്ചു
ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്തിരുന്ന കര്‍ഷകന്‍ മരിച്ചു. സിംഘു അതിര്‍ത്തിയില്‍ ഗ്രാമവാസികള്‍ക്കൊപ്പം സമരത്തിലേര്‍പ്പെട്ടിരുന്ന 32കാരനായ അജയ് മോര്‍ എന്ന കര്‍ഷകനാണ് മരിച്ചത്. ഹരിയാണ സോനിപത് സ്വദേശിയാണ് അജയ്. ഹൈപ്പോതെര്‍മിയയാണ് മരണകാരണം എന്നാണ് അനുമാനം.
പ്രായമായ മാതാപിതാക്കളും ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് അജയുടെ കുടുംബം. കടുത്ത ശൈത്യം വകവെക്കാതെയാണ് കര്‍ഷകര്‍ സമരരംഗത്തുളളത്. കര്‍ഷക പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം അഞ്ചോളം മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ വാഗ്ദാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. താങ്ങുവില നിലനിര്‍ത്തും, കരാര്‍ കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, കാര്‍ഷിക വിപണികളിലും പുറത്തും ഒരേ നികുതി ഏര്‍പ്പെടുത്തും, വിപണിക്ക് പുറത്തുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും തുടങ്ങിയ ഉറപ്പുകളാണ് കേന്ദ്രം ഏഴുതി നല്‍കുക. കേന്ദ്ര കാബിനറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ്. ഇന്ന് കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ച റദ്ദാക്കിയെന്ന് സര്‍ക്കാര്‍ പറഞ്ഞു.