ഓണക്കാലമല്ലേ, കളറാകണ്ടേ ; കേരളത്തനിമയിൽ മമ്മൂട്ടി, ചിത്രം വൈറൽ
മലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. 51 വർഷം നീണ്ട അഭിനയ ജീവിതത്തിൽ മമ്മൂട്ടി ചെയ്യാത്ത കഥാപാത്രങ്ങളും വേഷങ്ങളും ഇല്ലെന്ന് തന്നെ പറയാം. ഇവയെല്ലാം തന്നെ മലയാളികളുടെ മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നവയാണ്. പ്രായം വെറും നമ്പർ മാത്രമാണെന്ന് ഓരോ നിമഷവും മലയാളിയെ ബോധ്യപ്പെടുത്തി കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു പുത്തൻ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
മുണ്ടും ഷർട്ടും ധരിച്ച് കേരളതനിമയോടെ നിൽക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ മേക്കപ് മാനും നിർമാതാവുമായ ജോർജ് ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ട് ആയിരുന്നു ഇത്.
ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് മമ്മൂട്ടി ഇപ്പോൾ. ഉദയകൃഷ്‍ണ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂയംകുട്ടിയില്‍ ആണ് പുരോഗമിക്കുന്നത്. വണ്ടിപ്പെരിയാറും ചിത്രത്തിന്‍റെ ലൊക്കേഷനാണ്. ചിത്രത്തിൽ വിക്രത്തിലൂടെ ശ്രദ്ധനേടിയ വാസന്തിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹൻലാലിന്റെ ‘ആറാട്ടി’ന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ത്രില്ലര്‍ ഗണത്തിൽപ്പെടുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുകയെന്നാണ് വിവരം. ഏജന്റ്, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളും മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
അടുത്തിടെ താൻ സ്റ്റാർ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. “ഞാനൊരു സ്റ്റാര്‍ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാക്‌സിമം വില്ലന്റെ പിന്നില്‍ യെസ് ബോസ് പറഞ്ഞു നില്‍ക്കുന്ന ഒരാള്‍ ആകുമെന്നാണ് പ്രതീക്ഷിച്ചത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ്. നമ്മളെ സിനിമാക്കാര്‍ ഒന്നു ശ്രദ്ധിച്ചു കിട്ടാന്‍ പറ്റിയ വേദികളൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല”, എന്നാണ് മമ്മൂട്ടി പറഞ്ഞത്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘സോളമിന്റെ തേനീച്ചകള്‍’ എന്ന ചിത്രത്തിലെ പുതുമുഖ താരങ്ങളുമായി സംസാരിക്കവേ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.