തൃശൂര്‍: ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത കുടുംബത്തിന് കിട്ടിയത് എട്ടിന്റെ പണി. തൃശൂരിലെ കുടുംബം സഞ്ചരിച്ച കാറാണ് ഗൂഗിള്‍ കാണിച്ച് കൊടുത്ത വഴിയിലൂടെ പോയി പുഴയില്‍ വീണത്. ഗൂഗിള്‍ മാപ്പ് നോക്കി പാലക്കാട് നിന്നു പട്ടിക്കാട്ടേക്കു കാറില്‍ പുറപ്പെട്ടവര്‍ വഴി തെറ്റി പുഴയില്‍ വീഴുകയായിരിന്നു. യാത്രികരായ അഞ്ചു പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂര്‍ പട്ടിക്കാട്ട് കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രി എട്ടരയോടെ എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തു പുഴയിലേക്കു കൂപ്പു കുത്തിയത്.
കുതിരാനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പട്ടിക്കാട്ടേക്കു പുറപ്പെടാന്‍ ഗൂഗിളിന്റെ സഹായം തേടിയത്. തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാന്‍ തടയണയിലൂടെ കയറിയപ്പോള്‍, രാത്രിയായതിനാല്‍ വെള്ളം ഇവരുടെ ശ്രദ്ധയില്‍ പെട്ടില്ല. ഒഴുക്കില്‍ പെട്ടതോടെ കാര്‍ പുഴയിലേക്കു മറിയുകയായിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബറിലും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് ഗൂഗിള്‍ മാപ്പ് നോക്കി കാഞ്ഞങ്ങാട് നിന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാര്‍ ആഴമേറിയ ചിറയില്‍ വീഴാതെ രക്ഷപ്പെട്ടതു ഭാഗ്യം കൊണ്ടു മാത്രമാണ്.