ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി മുസ്ലീം യുവാവ് പൂജാരിയെ കൊല്ലാന്‍ ശ്രമിച്ചു! പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ
കേരളത്തിലെ ഒരു അമ്പലത്തില്‍ ഒരു മുസ്ലിം യുവാവ് അതിക്രമിച്ചു കയറി പൂജാരിയെ കൊല്ലാന്‍ ശ്രമിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. 26 സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോ പങ്കുവെച്ചു കൊണ്ടാണ് വ്യാജ പ്രചാരണം. ”അങ്ങനെ ചെയ്യുന്നതില്‍ നിന്ന് അയാളെ തടഞ്ഞപ്പോള്‍ അയാള്‍ ‘ആരതി’ എറിയാന്‍ ശ്രമിച്ചു. പൂജാരി മന്ത്രങ്ങള്‍ ഉച്ചരിക്കുന്നതു കൊണ്ട് അയാള്‍ വിഗ്രഹങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. പൂജ ചെയ്യരുതെന്ന് പൂജാരിയോട് മുസ്ലിങ്ങള്‍ പറയാറുണ്ടായിരുന്നു.”- വീഡിയോയുടെ കുറിപ്പില്‍ പറയുന്നു. തീര്‍ന്നിട്ടില്ല. വിഭജന സമയത്ത് 4 കോടി ആയിരുന്ന മുസ്ലിങ്ങള്‍ ഇപ്പോള്‍ 30 കോടി ആയെന്നും ക്ഷേത്രത്തിലെ പൂജാരിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന അവര്‍ വൈകാതെ വീടുകളില്‍ കയറി ഹിന്ദുക്കളെ കൊല്ലുമെന്നും അടിക്കുറിപ്പില്‍ പറയുന്നു. ജിതേന്ദ്ര വിക്രം എന്നയാള്‍ പങ്കു വെച്ച വീഡിയോ വൈറലായി.
ഈ ജിതേന്ദ്ര തന്റെ അക്കൗണ്ടില്‍ ലക്‌നൗ കോടതിയിലെ ക്ലര്‍ക്കാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ട്വിറ്ററില്‍ മുസ്ലിം യുവാവ് അമ്പലത്തില്‍ കയറി എന്ന അടിക്കുറിപ്പോടെ ഈ വീഡിയോയുടെ ദൈര്‍ഘ്യം കൂടിയ വേര്‍ഷനും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഈ വീഡിയോയുടെ സത്യവസ്ഥ ഇതാണ്. വീഡിയോ കേരളത്തിലേതല്ല. കര്‍ണാടകയിലെ കോളാറില്‍ നിന്നുള്ളതാണ്. വീഡിയോയില്‍ കാണുന്ന യുവാവ് സിക്കന്ദര്‍ ബെഗ് എന്നയാളാണെന്ന് കോളാര്‍ എസ്പി കാര്‍ത്തിക് റെഡ്ഡി പറഞ്ഞുവെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, ഇയാളുടെ മാനസിക നില തകരാറിലാണെന്നും കാര്‍ത്തിക് റെഡ്ഡി പറഞ്ഞു. പൂജാരിയെ കൊല്ലാനാണ് അമ്പലത്തില്‍ കയറിയതെന്ന അവകാശവാദവും അദ്ദേഹം തള്ളി.
കന്നഡ ഓണ്‍ലൈന്‍ മാധ്യമമായ പ്രജാവനിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇയാള്‍ ചെരുപ്പിട്ട് അമ്പലത്തില്‍ കയറി അവിടെ കിടക്കാന്‍ ശ്രമിച്ചു. പൂജാരി ഉള്‍പ്പെടെയുള്ളവര്‍ ഇയാളെ പുറത്താക്കാന്‍ ശ്രമം നടത്തി. അത് വിജയിക്കാതിരുന്നതോടെ അയാളെ തല്ലിച്ചതച്ച് അവര്‍ പോലീസിനു കൈമാറി. ഇയാളുടെ ബൈക്ക് അവര്‍ കത്തിക്കുകയും ചെയ്തു. ഇപ്പോള്‍, മാനസിക വിഭ്രാന്തിയുള്ള ഇയാള്‍ നിംഹാന്‍സില്‍ ചികിത്സയിലാണ്.