ന്യൂഡല്‍ഹി: ലോകാരാജ്യങ്ങളെ തന്നെ ഭീതിയിലാഴ്ത്തി കൊവിഡ് എന്ന മഹാവ്യാധി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡിനെ പോലെ തന്നെ അതുമായി ബന്ധപ്പെട്ട് വരുന്ന വ്യാജവാര്‍ത്തകളും രോഗത്തെക്കാള്‍ വേഗത്തിലാണ് പടരുന്നത്. അത്തരത്തിലൊന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
ചൂട് കൂടുമ്പോള്‍ കൊവിഡ് വൈറസ് നശിച്ചുപോകുമെന്നും, ഇന്ത്യ പോലുള്ള രാജ്യത്ത് വൈറസിന് അധികകാലം ആയുസ്സില്ലെന്നും തുടങ്ങി നിരവധി വ്യാജവാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വാര്‍ത്ത.
മറ്റൊന്നുമല്ല കൊവിഡിനെ ഇല്ലാതാക്കാനുള്ള പാരമ്പര്യ മരുന്ന് കണ്ടെത്തിയത്രേ. അത് മാത്രമല്ല ആ മരുന്നിന് ആഗോള അംഗികാരം ലഭിച്ചെന്നും ലോകാരോഗ്യസംഘടന അംഗീകരിച്ചെന്നുമാണ് വാര്‍ത്ത. മരുന്ന് എന്താണെന്നല്ലേ, വീട്ടിലെ ഇഞ്ചിയും കുരുമുളകും തേനും വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക. ഇത് ചുമ തുടങ്ങിയുള്ള എല്ലാ രോഗങ്ങളെയും ഇല്ലാതാക്കും. കൊവിഡിനും ഫലപ്രദമാണ്.
ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് മരുന്ന് കണ്ടെത്തിയത്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് പ്രസ്തുത വ്യക്തിയെന്നുമാണ് വാര്‍ത്ത. എന്നാല്‍ വാര്‍ത്ത തീര്‍ത്തും വ്യാജമാണ്. തങ്ങളുടെ വിദ്യാര്‍ഥികള്‍ ആരും തന്നെ ഇത്തരത്തില്‍ ഒരു മരുന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് പോണ്ടിച്ചേരി വൈസ് ചാന്‍സലറുടെ മറുപടി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയാണ് ഈ മരുന്ന് കണ്ടെത്തിയത്. കൊവിഡ് 19 നെതിരെ പ്രയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ചുമ, കഫക്കെട്ട് തുടങ്ങിയവയ്ക്കും ഇത് ഫലപ്രദമാണെന്നും വൈറലായ പോസ്റ്റിലൂടെ പറയുന്നുണ്ട്.
ഇത് ആദ്യത്തെ സംഭവമല്ല. കൊവിഡ് ലോകത്തെ പിടിച്ചുമുറുക്കിയതുമുതല്‍ ഇത്തരത്തില്‍ നിരവധി വ്യാജപ്രചരണങ്ങളാണ് നടക്കുന്നത്. ചൂടുവെള്ളത്തില്‍ കുളി കൊവിഡ് വൈറസിനെ നശിപ്പിക്കുമെന്നും, ധാരാളം വെയില് കൊള്ളുന്നത് വൈറസ് ഇല്ലാതാക്കുമെന്ന് തുടങ്ങി നിരവധി വ്യാജപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇവയ്ക്കൊന്നും തന്നെ യാതൊരു തരത്തിലുള്ള ശാസ്ത്രീയ അടിത്തറയുമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.