
മുംബൈ:വ്യാജ ചീസിന്റെ പേരിൽ ലോകത്തിലെ ഏറ്റവും വലിയ ഹാംബർഗർ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റായ മക്‌ഡൊണാൾഡ് വിവാദങ്ങളിൽ പെട്ട സാഹചര്യത്തിൽ പിസ ഹട്ട്, കെഎഫ്സി, ബർഗർ കിംഗ് തുടങ്ങിയവുമായി ബന്ധപ്പെട്ട ഓഹരികളും ഇടിഞ്ഞു. മക്ഡൊണാൾഡ് ഫ്രൈഞ്ചൈസിയായ വെസ്റ്റ്ലൈഫ് ഫുഡ് വേൾഡിൻറെ ഓഹരി വില 2.78 ശതമാനം ഇടിഞ്ഞു.
ഡൊമിനോയുടെ ഫ്രാഞ്ചൈസി ഓപ്പറേറ്ററായ ജൂബിലന്റ് ഫുഡ് വർക്ക്സിന്റെ ഓഹരികൾ 0.9% നഷ്ടം നേരിട്ടു. ബർഗർ കിംഗ് ഓപ്പറേറ്ററായ റെസ്റ്റോറന്റ് ബ്രാൻഡ്‌സ് ഏഷ്യയുടെ ഓഹരികൾ 4 ശതമാനമാണ് ഇടിഞ്ഞത്. പിസ ഹട്ട്, കെഎഫ്‌സി എന്നിവയുടെ ഓപ്പറേറ്ററായ ദേവയാനി ഇൻറർനാഷണൽ ഓഹരി വില 3.94 ശതമാനവും ഇടിഞ്ഞു.
ഗുജറാത്തിലെ അഹമ്മദ്‌നഗറിൽ മക്‌ഡൊണാൾഡ് ഔട്ട്‌ലെറ്റിന്റെ ലൈസൻസ് എഫ്ഡിഎ സസ്‌പെൻഡ് ചെയ്‌തതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. ഫ്രാഞ്ചൈസി തങ്ങളുടെ ഉൽപ്പന്നങ്ങളിൽ യഥാർത്ഥ ചീസിന് പകരം ബദൽ ഉൽപ്പന്നങ്ങൾ വയ്ക്കുന്നതായി ആരോപിച്ചാണ് ഔട്ട്‌ലെറ്റിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തത്.
ഉൽപ്പന്നങ്ങളുടെ പേരിൽ നിന്ന് ചീസ് എന്ന വാക്ക് ഒഴിവാക്കിയതോടെയാണ് കമ്പനിയുടെ ലൈസൻസ് പുനഃസ്ഥാപിച്ചത്. ഡിസ്‌പ്ലേ, ലേബൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ മക്‌ഡൊണാൾഡിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും മറ്റ് പ്രമുഖ ഫാസ്റ്റ്ഫുഡ് ശൃംഖലകളിലും വ്യാപകമായ പരിശോധന ഉണ്ടായേക്കുമെന്നുള്ള സൂചനകളെ തുടർന്നാണ് ഈ ഓഹരികളുടെ വിലയിടിഞ്ഞത്. ഡോമിനോസ്, പിസ്സ ഹട്ട്, ബർഗർ കിംഗ്, കെഎഫ്‌സി തുടങ്ങിയവയുടെ ഔട്ട്‌ലെറ്റുകളിലേക്ക് പരിശോധന നീണ്ടേക്കും .
ശുദ്ധമായ ചീസിനേക്കാൾ ചീസ് പോലുള്ള വസ്തുക്കളാണ് ഉപയോഗിക്കുന്നതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. സാങ്കേതികമായി, ഇതിനെ ചീസ് അനലോഗ് എന്നാണ് വിളിക്കുന്നത്. ശുദ്ധമായ ചീസിൽ പാൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, അതേസമയം ചീസ് അനലോഗുകളിൽ പാൽ കൊഴുപ്പും പച്ചക്കറി കൊഴുപ്പും അടങ്ങിയിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് കമ്പനിയോട് വിശദീകരണം തേടിയത്. ഉൽപ്പന്ന നാമത്തിൽ നിന്ന് ചീസ് എന്ന വാക്ക് നീക്കം ചെയ്തതായി ഫ്രാഞ്ചൈസി വ്യക്മാക്കിയതിന് ശേഷമാണ് ലൈസൻസ് പുനഃസ്ഥാപിച്ചത്. ഔട്ട്‌ലെറ്റിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തതിന് പിന്നാലെ വിശദീകരണവുമായി മക്ഡൊണാൾഡ്സ് ഇന്ത്യ രംഗത്തെത്തി. തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ശുദ്ധമായ ചീസ് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു.