തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഡോ. അനൂപ് മലയാളികള്‍ക്ക് ഇന്നും തീരാവേദനയായി തുടരുകയാണ്. കാലിലെ വളവ് നിവര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്കിടെ പെണ്‍കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ച് മരിക്കുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധിച്ചു. സോഷ്യല്‍ മീഡിയകള്‍ വഴി ഡോക്ടര്‍ക്ക് എതിരെ വലിയ അധിക്ഷേപവും വിമര്‍ശനവും ഉടലെടുത്തു. ഇതിന് പിന്നാലെയാണ് അനൂപ് ജീവനൊടുക്കിയത്. അനൂപിന് ആദരമര്‍പ്പിച്ച് ഡോ. മനോജജ് വെള്ളനാട് പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ കണ്ണീര്‍ പടര്‍ത്തുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
ആദരാഞ്ജലി ഡോ. അനൂപ്. താങ്കളൊരു നല്ല മനുഷ്യനാണ്. പക്ഷെ ഒരു മണ്ടത്തരം കാട്ടി. ഒരു ഡോക്ടറും ചികിത്സയ്ക്കിടയില്‍ തന്റെ രോഗിയ്ക്ക് ഏതെങ്കിലും വിധം അപകടം വരണമെന്ന് വിചാരിക്കില്ലെന്ന് ചിന്തിക്കാന്‍ മാത്രം നന്മയോ സാമാന്യബുദ്ധിയോ നമ്മുടെ സമൂഹത്തിനില്ല. അത് താങ്കളോര്‍ത്തില്ല. ഈ സംഭവത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തി ഇന്നിവിടെയൊരു ഉപന്യാസം രചിച്ചു വച്ചാലും നാളെ മറ്റൊരു ഡോക്ടറുടെ അവസ്ഥ ഇതുതന്നെ.. ജനങ്ങളും മാധ്യമങ്ങളും രാഷ്ട്രീയക്കാരും കാര്യമെന്തെന്നറിയില്ലെങ്കിലും, ഒരിരയെ കിട്ടിയ സന്തോഷത്തോടെ അയാളെ വേട്ടയാടും. നഷ്ടപ്പെട്ടവര്‍ക്കും നഷ്ടപ്പെടാനുള്ളവര്‍ക്കും മാത്രം അതില്‍ വിഷമം തോന്നും. അതുകൊണ്ട്, അധികം എഴുതാന്‍ വയ്യാ..
കുഞ്ഞിന്റെ മരണം നിര്‍ഭാഗ്യകരമാണ്. പക്ഷെ കേട്ടിടത്തോളം, അതൊഴിവാക്കാന്‍ പറ്റുമായിരുന്നില്ല (ജന്മനാല്‍ ഹൃദയത്തകരാറുള്ള കുഞ്ഞിന് Vetnricular fibrillation ഉണ്ടായ അവസ്ഥ) എന്നാണ് എന്റെ ഊഹം.
പക്ഷെ, താങ്കളിത് ഒഴിവാക്കിയിരുന്നെങ്കില്‍ എന്ന് വ്യഥാ ആഗ്രഹിച്ചു പോകുന്നു. അത്രയ്ക്കും സങ്കടം തോന്നുന്നു. ഡോ. അനൂപ്, താങ്കളൊരു നല്ല മാതൃകയേ അല്ല. ഒരിക്കല്‍ കൂടി ആദരാഞ്ജലി ?????? മനോജ് വെള്ളനാട്.