ആലപ്പുഴ: ആലപ്പുഴ പഴവീടില്‍ 1500 കുപ്പി വീര്യം കൂടിയ അരിഷ്ടം എക്സൈസ് പിടികൂടി. മദ്യശാലകള്‍ തുറക്കാന്‍ ഇനിയും വൈകുമെന്ന വാര്‍ത്ത വന്നതോടെ ലഹരിയുടെ വിവിധ മാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ് ഒരു വിഭാഗം ആളുകള്‍. 700 ലിറ്റര്‍ അരിഷ്ടമാണ് റെയ്ഡില്‍ കണ്ടെത്തിയത്.
പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പേരിലായിരുന്നു അനധികൃത അരിഷ്ടം നിര്‍മാണം നടന്നിരുന്നത്. കേസില്‍ പഴവീട് അഞ്ജനം വീട്ടില്‍ തുളസീധരനെ പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ എക്സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍ ബിജുകുമാറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് ഇന്‍സ്പെക്ടര്‍ അമല്‍ രാജന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ എ അജീബ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എച്ച് മുസ്തഫ, ബിപിന്‍ പി ജി, പ്രദീഷ് പി, വിജി എംവി എന്നിവരും ഉണ്ടായിരുന്നു.
ആലപ്പുഴ ജില്ലയില്‍ അനധികൃത ലഹരിനിര്‍മാണവുമായി ബന്ധപ്പെട്ട് 40 ഓളം പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എക്സൈസ് പരിശോധനകളും കര്‍ശനമാക്കി. ലഹരിക്കായി ഉപയോഗിക്കുന്ന വ്യാജ വാറ്റ് മുതല്‍ വീര്യം കൂടിയ അരിഷ്ടം വരെ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് റെയ്ഡില്‍ പിടിച്ചെടുക്കുന്നുണ്ട്.