ലണ്ടൻ:യൂറോ കപ്പിൽ ഗ്രൂപ്പ് ഡിയിലെ ഇംഗ്ലണ്ട് -ക്രൊയേഷ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് ഒരു ഗോൾ ജയം. രണ്ടാം പകുതിയിലെ 57ാം മിനിട്ടിൽ റഹീം സ്റ്റെർലിങ്ങിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തിയത്.
🏴 Raheem Sterling ⚽️#EURO2020 https://t.co/X1hLSFJuF9 pic.twitter.com/txeEOOjmRT
— UEFA EURO 2024 (@EURO2024) June 13, 2021
സ്വന്തം തട്ടകത്തിൽ ആദ്യ പകുതിയിലുടനീളം ഇംഗ്ലണ്ട് നിര ക്രൊയേഷ്യൻ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. ഫിൽ ഫോഡനും, റഹീം സ്റ്റെർലിങ്ങും മേസൺ മൗണ്ടുമെല്ലാം മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു. പലപ്പോഴും ഇവരുടെ മുന്നേറ്റത്തിൽ ക്രൊയേഷ്യൻ പ്രതിരോധം ആടിയുലയുന്ന കാഴ്ചയും കാണാമായിരുന്നു.
ഇംഗ്ലണ്ട് തുടങ്ങിയത് തന്നെ ആക്രമിച്ചായിരുന്നു. ആറാം മിനിറ്റിൽ തന്നെ ഫിൽ ഫോഡന്റെ ഷോട്ട് നിർഭാഗ്യം കൊണ്ട് പോസ്റ്റിൽ തട്ടി തെറിച്ചു. തൊട്ടുപിന്നാലെ സ്റ്റെർലിങ്ങിന്റെ മുന്നേറ്റം കലേറ്റ കാർ തടഞ്ഞു. ഇതിനിടെ കാൽവിൻ ഫിലിപ്പ്സും ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവാകോവിച്ചിനെ പരീക്ഷിച്ചു.
വലതുവിങ്ങിലൂടെ ഫോഡനും ഇടതു വശത്തുകൂടി സ്റ്റെർലിങ്ങും നിരന്തരം ക്രൊയേഷ്യൻ ബോക്സിലേക്ക് ആക്രമിച്ച് കയറുകയായിരുന്നു. ആദ്യ പകുതിയുടെ ആദ്യ 25 മിനിറ്റിലും ഇംഗ്ലണ്ടിന്റെ പ്രെസ്സിങ് ഗെയിമായിരുന്നു.ക്രൊയേഷ്യക്ക് കാര്യമായ മുന്നേറ്റങ്ങളൊന്നും ആദ്യ പകുതിയിൽ സൃഷ്ടിക്കാനായില്ല.