ജോസ് ടോമിന് ‘കൈതച്ചക്ക’, കാപ്പന് ‘ക്ലോക്ക്’, ഹരിയ്ക്ക് ‘താമര’; പാലായില്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നമായി
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു. ‘കൈതച്ചക്ക’യാണ് ജോസ് ടോമിന്റെ ചിഹ്നം. വോട്ടിംഗ് മെഷീനില്‍ ജോസ് ടോമിന്റെ പേര് ഏഴാമതായിട്ടാവും പ്രദര്‍ശിപ്പിക്കുന്നത്. കേരള കോണ്‍ഗ്രസ്-എമ്മിലെ തര്‍ക്കം കാരണം പാര്‍ട്ടി ചിഹ്നമായ ‘രണ്ടില’ ജോസ് ടോമിന് ലഭിക്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. ഇതോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് കൈതച്ചക്ക ചിഹ്നം അനുവദിച്ചത്.
‘ഓട്ടോറിക്ഷ’ ചിഹ്നമായി അനുവദിക്കണമെന്നാണ് ജോസ് ടോം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മത്സര രംഗത്തുള്ള മറ്റൊരു സ്വതന്ത്രന്‍ ഈ ചിഹ്നം സ്വന്തമാക്കുകയായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ ചിഹ്നം ക്ലോക്കാണ്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍ ഹരിയ്ക്ക് താമര ചിഹ്നവും അനുവദിച്ചു.