ദുല്‍ഖര്‍ സല്‍മാന് വക്കീല്‍ നോട്ടീസ്
കൊച്ചി: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കി ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘കുറുപ്പ്’ ചിത്രത്തിനെതിരെ നിയമനടപടി. കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യ ശാന്തയും മകന്‍ ജിതിനുമാണ് നിയമനടപടിയുമായി രംഗത്തെത്തിയത്.
സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് കാണണമെന്നാണ് ശാന്തയും ജിതിനും ആവശ്യപ്പെടുന്നത്. സുകുമാരക്കുറുപ്പിനെ മഹത്വവത്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയില്‍ ഇല്ലെന്ന് ബോധ്യപ്പെടുത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദുല്‍ഖര്‍ സല്‍മാന് വക്കീല്‍ നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറില്‍ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതില്‍ സുകുമാരക്കുറുപ്പിനെ ന്യായീകരിക്കുന്ന വിവരണം ഉണ്ടായിരുന്നുവെന്നും വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. യശ്രീനാഥ് രാജേന്ദ്രനാണ് ‘കുറുപ്പ്’ സിനിമ ഒരുക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.