തൃശൂർ: സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയ കരുവന്നൂര്‍ തട്ടിപ്പില്‍ തൃശൂര്‍ ജില്ലയിലെ നേതാക്കള്‍ക്കെതിരെ മുന്നറിയിപ്പും താക്കീതുമായി സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദന്‍. പാര്‍ട്ടി പ്രതിസന്ധി നേരിടുമ്പോൾ ഒറ്റുകൊടുക്കരുതെന്നും ഒറ്റക്കെട്ടായി നേരിടണമെന്നും ഗോവിന്ദന്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളില്‍ നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
പുറത്ത് പ്രതിരോധം അകത്ത് താക്കീത്. കരുവന്നൂര്‍ തട്ടിപ്പില്‍ സിപിഎം സമാനതകളില്ലാത്ത പ്രതിസന്ധിയില്‍ നില്‍ക്കുമ്പോൾ ജില്ലയിലെത്തിയ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ നിലപാടിതായിരുന്നു. അഴീക്കോടന്‍ അനുസ്മരണത്തിന്‍റെ ഭാഗമായ പൊതു സമ്മേളനത്തില്‍ ഇഡിയ്ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച ഗോവിന്ദന്‍ ജില്ലാ സെക്രട്ടേറിയേറ്റില്‍ നേതാക്കളുടെ പിഴവ് അക്കമിട്ട് നിരത്തി താക്കീത് ചെയ്തു.
പാർട്ടി പ്രതിസന്ധി നേരിടുന്നുവെന്നും പാർട്ടിയെയും നേതാക്കളെയും ഒറ്റുകൊടുക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും ഒറ്റക്കെട്ടായി നിൽക്കണമെന്നും സംസ്ഥാന സെക്രട്ടറി നിര്‍ദ്ദേശിച്ചു. കരുവന്നൂരിലുണ്ടായത് ഗുരുതരമായ വീഴ്ചയാണ്. വേണ്ട രീതിയിൽ പ്രശ്നത്തെ കൈകാര്യം ചെയ്തില്ലെന്ന് മാത്രമല്ല, സാഹചര്യത്തിനനുസരിച്ച് പരിഹാരത്തിനും ശ്രമമുണ്ടായില്ല. കരുവന്നൂരിന് പിന്നാലെ മറ്റ് ബാങ്കുകളുടെയടക്കം പ്രവർത്തനങ്ങളിൽ ഉയർന്നിട്ടുള്ള ആരോപണങ്ങളിലും സെക്രട്ടേറിയേറ്റംഗങ്ങളിൽ നിന്നും ഗോവിന്ദൻ വിശദാംശങ്ങൾ തേടി.
കരുവന്നൂർ കേസ് തെരഞ്ഞെടുപ്പിനെയും ബാധിക്കുമെന്ന വിലയിരുത്തലുമുണ്ടായി. എ.സി.മൊയ്തീനെതിരേയുള്ള അന്വേഷണത്തെ തത്കാലം ഒറ്റക്കെട്ടായി പ്രതിരോധിച്ചില്ലെങ്കിൽ വലിയ തിരിച്ചടി പാർട്ടിക്ക് ജില്ലയിലുണ്ടാകുമെന്നു യോഗം വിലയിരുത്തി. ജില്ലയിൽ വിഭാഗീയത വീണ്ടും ശക്തമായിട്ടുണ്ടെന്നും നിലവിൽ അച്ചടക്കനടപടികളിലേക്ക് കടന്നാൽ കരുവന്നൂരിനേക്കാൾ വലിയ ക്ഷീണമാകുമെന്നും അതിനാൽ അച്ചടക്ക നടപടിക്കു പകരം ശാസനയിലൊതുക്കാമെന്ന നിർദ്ദേശം യോഗത്തിലുയർന്നു. വിഭാഗീയതയിൽ നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പ് ഗോവിന്ദൻ യോഗത്തിൽ നേതാക്കളെ അറിയിച്ചു. സംസ്ഥാനകമ്മിറ്റി യോഗ തീരുമാനങ്ങൾ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ജില്ലാകമ്മിറ്റിയോഗം ചേരും.
കൂടാതെ, കരുവന്നൂർ, അയ്യന്തോൾ ബാങ്ക് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡി റെയ്ഡിനെ വിമര്‍ശിച്ച് എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും എന്നാൽ തട്ടിപ്പ് എവിടെ നടന്നാലും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇഡി നടത്തുന്ന പല കേസുകളിലെ അന്വേഷണത്തിൽ ഒരറ്റത്ത് കെ സുധാകരനും മറ്റൊരറ്റത്ത് രാഹുൽ ഗാന്ധിയും ഉണ്ടെന്നതും റെയ്ഡിന് പിന്നിൽ രാഷ്ട്രീയമാണെന്ന വാദത്തെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണി വിശാലമായ സഖ്യത്തിൽ സിപിഐഎം ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. കോൺഗ്രസ്സുമായി ഇപ്പോഴും വേദി പങ്കിടുന്നുണ്ട്. ബിനോയ് വിശ്വത്തിന്റെ നിലപാട് അദ്ദേഹത്തിന്റേത് മാത്രമാണ്. ബാങ്ക് തട്ടിപ്പിൽ സിപിഐ മാത്രമല്ല പല ബോർഡ് അംഗങ്ങളും പ്രശ്നം ഉന്നയിച്ചിട്ടുണ്ട്. വിഷയം ഗൗരവമായി പരിശോധിക്കുമെന്നാണ് പാർട്ടി നിലപാട്. മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് പാർട്ടി ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.