ഇനി ആ വിളി വേണ്ട..’ആരാധകരോട് അഭ്യര്‍ത്ഥനയുമായി നയന്‍താര

ചെന്നൈ: വർഷങ്ങളായി സിനിമകളിലും മറ്റും വിശേഷണമായി ചേര്‍ത്ത ‘ലേഡി സൂപ്പർ സ്റ്റാർ’ എന്ന പേര് നയൻതാര ഔദ്യോഗികമായി ഒഴിവാക്കി. ഇത്തരത്തില്‍ ആരാധകര്‍ വിളിക്കുന്നതിന് പിന്നിലെ വികാരത്തെ താൻ വളരെയധികം വിലമതിക്കുന്നുണ്ടെങ്കിലും,ഇനി തന്‍റെ പേര് വിളിച്ചാൽ മതിയെന്ന് നടി ഇപ്പോൾ അഭ്യർത്ഥിച്ചിരിക്കുന്നത്.
ശീർഷകങ്ങളും അംഗീകാരങ്ങളും അർത്ഥപൂർണ്ണമാണെങ്കിലും അവ ചിലപ്പോൾ ഒരു കലാകാരനും അവരുടെ ക്രാഫ്റ്റും തമ്മിൽ അനാവശ്യമായ വിഭജനം സൃഷ്ടിക്കുമെന്ന് കുറിപ്പിൽ നയൻതാര വിശദീകരിച്ചു. അവരെ സംബന്ധിച്ചിടത്തോളം നയൻതാര എന്ന പേര് ഒരു അഭിനേത്രിയെന്ന നിലയിൽ ഒരു ഐഡന്‍ററ്റി എന്നതിലുപരിയായി, ഒരു വ്യക്തിയെന്ന നിലയിൽ പ്രതിനിധീകരിക്കുന്നു.
“നിങ്ങളിൽ പലരും എന്നെ ‘ലേഡി സൂപ്പർസ്റ്റാർ’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്, നിങ്ങളുടെ അപാരമായ വാത്സല്യത്തിൽ നിന്ന് ജനിച്ച ഒരു പദവിയാണ് അത്. ഇത്രയും വിലപ്പെട്ട ഒരു തലക്കെട്ട് എനിക്ക് കിരീടം പോലെ സമ്മാനിച്ചതില്‍ ഞാൻ നിങ്ങളോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു.
എങ്കിലും, എല്ലാവരോടും എന്നെ ‘നയൻതാര’ എന്ന് വിളിക്കാൻ ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു. എന്‍റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നിൽക്കുന്നത് ആ പേരാണെന്ന് എനിക്ക് തോന്നുന്നു. ഒരു അഭിനേയത്രി എന്ന നിലയിൽ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും ഞാൻ ആരാണെന്ന് അത് പ്രതിനിധീകരിക്കുന്നു.
ശീർഷകങ്ങളും അംഗീകാരങ്ങളും വിലമതിക്കാനാവാത്തതാണ്, പക്ഷേ അവയ്ക്ക് ചിലപ്പോൾ നമ്മുടെ ജോലിയിൽ നിന്നും ക്രാഫ്റ്റില്‍ നിന്നും പ്രേക്ഷകരുമായുള്ള ബന്ധത്തെ വേർതിരിക്കുന്ന അവസ്ഥ സൃഷ്ടിക്കാൻ കഴിയും” നയന്‍താര സോഷ്യല്‍ മീഡിയ കുറിപ്പില്‍ എഴുതി.
ആരാധകരുമായുള്ള തന്‍റെ ബന്ധം ഇത്തരം പേരുകള്‍ അതീതമാണെന്നും നയന്‍താര പറഞ്ഞു, “എല്ലാ പരിധികൾക്കും അപ്പുറം നിങ്ങളുമായി എന്നെ ബന്ധിപ്പിക്കുന്നത് സ്നേഹത്തിന്‍റെ ഭാഷയാണ്. നാമെല്ലാവരും അത് തുടര്‍ന്നും പങ്കിടുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്കെല്ലാവർക്കും ഭാവി പ്രവചനാതീതമായിരിക്കുമെങ്കിലും, നിങ്ങളുടെ അചഞ്ചലമായ പിന്തുണ എന്നും നിലനിൽക്കുമെന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഒപ്പം നിങ്ങളെ എന്‍റര്‍ടെയ്ന്‍ ചെയ്യിക്കാനുള്ള എന്‍റെ കഠിനാധ്വാനവും തുടരും. സിനിമയാണ് നമ്മളെ ഒരുമിപ്പിച്ച് നിർത്തുന്നത്, നമുക്ക് അത് ഒരുമിച്ച് ആഘോഷിക്കാം.” നയന്‍താര കുറിപ്പ് അവസാനിപ്പിക്കുന്നു.
നേരത്തെ തന്നെ തല എന്നോ, അജിത്തേ കടവുളേ എന്നോ വിളിക്കരുതെന്ന് പറഞ്ഞ് തമിഴ് സൂപ്പര്‍താരം അജിത്തും, തന്നെ ഉലഗനായകന്‍ എന്ന് വിളിക്കരുതെന്ന് പറഞ്ഞ് കമല്‍ഹാസനും സമാനമായി രംഗത്ത് വന്നിരുന്നു. ഇതേ വഴിയിലാണ് ഇപ്പോള്‍ നയന്‍താരയും.
നയൻതാരയുടെ അടുത്ത പടം ഒടിടി റിലീസാണ് ടെസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. ഔദ്യോഗിക റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ ഡിയർ സ്റ്റുഡന്‍റ്സ്, ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ്, റക്കയിർ, മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവർക്കുമൊപ്പമുള്ള എംഎംഎംഎൻ എന്നീ പ്രൊജക്ടുകളും നയന്‍താരയ്ക്കുണ്ട്.